ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസിലെ വാദം സുപ്രീംകോടതി വീണ്ടും മാറ്റി. ജസ്റ്റീസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് കേസ് ഏപ്രില്‍ ആറിലേക്കാണ് മാറ്റിയത്. സിബിഐയുടെ അസൗകര്യം കണക്കിലെടുത്ത് ഇത് 26-ാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്.
ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ലാവലിന്‍ കേസ് എല്‍ഡിഎഫിന് തലവേദനയുണ്ടാക്കില്ലെന്ന് ഉറപ്പായി. ഏപ്രില്‍ ആറിന് കേസ് പരിഗണനയ്ക്ക് എടുത്താലും വാദം കേള്‍ക്കാനുള്ള തീയതി നിശ്ചയിച്ച് മറ്റൊരു തീയതിയിലേക്ക് മാറ്റാനാണ് സാധ്യത.
ഇന്ന് കേസില്‍ വാദത്തിന് തയാറാണെന്ന് സിബിഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസില്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരാകേണ്ടിയിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറ്റൊരു കേസില്‍ വാദിക്കുന്ന തിരക്കിലായിരുന്നു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.പി.രാജുവാണ് കേസില്‍ ഇന്ന് സിബിഐക്ക് വേണ്ടി ഹാജരായത്.
കേസ് ഇന്ന് വൈകിട്ടോ അടുത്തയാഴ്ചയോ പരിഗണിക്കാന്‍ മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ന് മാറ്റിവച്ചാല്‍ പിന്നീട് ഏപ്രില്‍ ആറിന് മാത്രമേ പരിഗണിക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. മറ്റ് കേസുകളുടെ തിരക്ക് കാരണം സിബിഐ ആവശ്യപ്പെട്ട തീയതികള്‍ അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതി നിലപാട്. ഇതോടെയാണ് കേസ് ഏപ്രില്‍ ആറിലേക്ക് മാറ്റിയത്.
Discussion about this post