തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണക്കേസില്‍ കള്ളസാക്ഷി പറഞ്ഞ കലാഭവന്‍ സോബി ജോര്‍ജിനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിബിഐ. ഇതു സംബന്ധിച്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സിബിഐ ഹര്‍ജി നല്‍കി. കേസ് അന്വേഷണം വഴിതെറ്റിക്കാന്‍ മനപ്പൂര്‍വ്വം കള്ളം പറഞ്ഞുവെന്ന് സിബിഐ ഹര്‍ജിയില്‍ പറയുന്നു.
2018 സെപ്റ്റംബര്‍ 25ന് ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പ്പെടുന്നതിന് മുന്‍പ് ബാലഭാസ്‌കര്‍ ആക്രമിക്കപ്പെട്ടതായാണ് സോബി മൊഴി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ സോബിയുടെ മൊഴി കളവാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തോട് സോബി സഹകരിച്ചിരുന്നില്ല. ഇതോടെയാണ് സോബിയ്ക്കെതിരെ സിബിഐ കോടതിയെ സമീപിച്ചത്.
2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെ ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംങ്ഷനു സമീപം ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. തൃശൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു കാര്‍ മരത്തില്‍ ഇടിച്ച് അപകടമുണ്ടായത്. ഡ്രൈവര്‍ അര്‍ജുന്‍, ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി , മകള്‍ തേജസ്വിനി ബാല എന്നിവരും കാറില്‍ ഉണ്ടായിരുന്നു. മകള്‍ സംഭവസ്ഥലത്തും ബാലഭാസ്‌കര്‍ പിന്നീട് ആശുപത്രിയിലും വച്ച് മരണപ്പെടുകയായിരുന്നു.
Discussion about this post