ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് ഒരേസമയം നാല് ബാച്ചുകളിലായി 800 പേര്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ സൗകര്യമൊരുക്കുമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ച്ച് 11,12 തീയതികളിലാണ് ശിവരാത്രി ആഘോഷം നടക്കുന്നത്. കൊവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനായി ആശ്രമത്തിലും പരിസരത്തും കൂടുതല്‍ വളണ്ടിയര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. 11ന് രാത്രി പത്തിന് മേല്‍ശാന്തി പി.കെ. ജയന്തന്‍ ശാന്തി, സ്വാമി ഋഷി ചൈതന്യ, മധു ശാന്തി, ആര്‍. ചന്ദ്രശേഖരന്‍ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ബലിതര്‍പ്പണം ആരംഭിക്കും. സ്ത്രീകള്‍ക്കായി പ്രത്യേക കുളിക്കടവും ക്രമീകരിച്ചിട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗം ആലുവ യൂണിയന്റെയും അദ്വൈതാശ്രമം ഭക്തജന സമിതിയുടെയും നേതൃത്വത്തില്‍ 150ഓളം വളണ്ടിയര്‍മാരുണ്ടാകും. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post