കോട്ടയം: സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം ലഭിക്കാത്ത മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് എഐസിസി അംഗത്വവും രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് രാജിക്കത്തില്‍ ലതിക വ്യക്തമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഞായറാഴ്ച മുല്ലപ്പള്ളി പ്രഖ്യാപിച്ചതിന് പിന്നാലെ കെപിസിസി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതികയുടെ നടപടി വന്‍ വാര്‍ത്തായായിരുന്നു. പിന്നാലെ അവര്‍ മഹിളാ കോണ്‍ഗ്രസ് അധക്ഷ സ്ഥാനം രാജിവച്ചിരുന്നു. ഏറ്റുമാനൂര്‍ സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്ന ലതികയ്ക്ക് മറ്റൊരിടത്തും പരിഗണന ലഭിക്കാതിരുന്നതാണ് അവരെ ചൊടിപ്പിച്ചത്.
കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗത്തിന് ഏറ്റുമാനൂര്‍ സീറ്റ് നല്‍കേണ്ടി വന്നതാണ് ലതികയ്ക്ക് സീറ്റ് ലഭിക്കാത്തതിന്റെ കാരണമെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കിയിരുന്നു. മറ്റൊരു മണ്ഡലത്തിലേക്ക് പേര് പരിഗണിക്കണമെന്ന് ലതിക ആവശ്യപ്പെട്ടിരുന്നില്ലെന്നും പ്രതിഷേധം നിര്‍ഭാഗ്യകരമാണെന്നും നേതൃത്വം വ്യക്തമാക്കി.
അതിനിടെ ലതിക ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നും അഭ്യൂഹമുണ്ട്. ഇന്ന് വൈകിട്ട് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്. ലതികയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമം തുടരുന്നു.
Discussion about this post