തിരുവനന്തപുരം: ഒന്നിലധികം വിലാസങ്ങളില്‍ തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ് സംഘടിപ്പിച്ച അനവധിപേര്‍ സംസ്ഥാനത്തുണ്ടെന്നു സ്ഥിരീകരിച്ചു ജില്ലാ കളക്ടര്‍മാരുടെ റിപ്പോര്‍ട്ട്. വോട്ടര്‍പട്ടികയില്‍ ഒന്നിലേറെ സ്ഥലത്തു പേരുണ്ടെന്നു കണ്ടെത്തിയവരെ നീക്കാനുള്ള നടപടി തെരഞ്ഞെടുപ്പു കമ്മീഷന്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി ഇത്തരക്കാരുടെ വിശദവിവരം ശേഖരിക്കാന്‍ ബിഎല്‍ഒമാര്‍ക്കു നിര്‍ദേശം നല്‍കി. ബോധപൂര്‍വം ഒന്നിലേറെ തിരിച്ചറിയല്‍ കാര്‍ഡ് സംഘടിപ്പിച്ചെന്നു കണ്ടെത്തുന്നവര്‍ക്കും ഇതിന് ഒത്താശ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കുമെതിരേ ക്രിമിനല്‍ കേസെടുക്കുന്നത് അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കും.
കളക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെയും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തിലാകും തുടര്‍നടപടി സ്വീകരിക്കുക. സംസ്ഥാനത്തെ 65 മണ്ഡലങ്ങളിലായി 2.16 ലക്ഷം പേര്‍ക്ക് ഇരട്ടവോട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി അതിന്റെ പട്ടിക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കു നേരത്തേ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടു. ഇതില്‍ ആദ്യഘട്ടത്തില്‍ ആരോപണമുയര്‍ന്ന അഞ്ചു ജില്ലകളിലെ കളക്ടര്‍മാര്‍ പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി.
പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ കുറച്ചുപേര്‍ ഇരട്ടവോട്ടര്‍ കാര്‍ഡ് കൈപ്പറ്റിയെന്നാണ് കളക്ടര്‍മാരുടെ റിപ്പോര്‍ട്ടിലുള്ളത്. ഇരട്ടവോട്ടര്‍മാരുടെ വിശദപരിശോധന നടത്താന്‍ കൂടുതല്‍ സമയം വേണമെന്നും ജില്ലകളില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ് ബിഎല്‍ഒമാരുടെ നേതൃത്വത്തില്‍ ഇരട്ടവോട്ട് കണ്ടെത്താനുള്ള ശ്രമം വേഗത്തില്‍ നടക്കുന്നത്.
ഇരട്ടവോട്ടര്‍മാരെ കണ്ടെത്തിയാല്‍ ഇപ്പോള്‍ താമസിക്കുന്ന വിലാസത്തിലെ തിരിച്ചറിയല്‍ രേഖ നിലനിര്‍ത്തി, മറ്റുള്ള വിലാസത്തില്‍ സംഘടിപ്പിച്ച രേഖകള്‍ റദ്ദാക്കുന്നതിനുള്ള നടപടിയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ സ്വീകരിക്കുന്നതെന്നാണു വിവരം. ഇതിനായി ഇപ്പോള്‍ താമസിക്കുന്ന വിലാസം കണ്ടെത്തേണ്ട ജോലികളും ബിഎല്‍ഒമാരുടെ നേതൃത്വത്തില്‍ നടക്കുന്നു.
വ്യാജവോട്ടര്‍മാരെ സംബന്ധിച്ച നടപടി ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും പരാതി നല്‍കിയ സാഹചര്യത്തില്‍ കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കു കഴിയൂ.
സംസ്ഥാനത്തെ 69 മണ്ഡലത്തിലെ ഇരട്ടവോട്ടിന്റെ വിവരംകൂടി ഇന്ന് തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Discussion about this post