തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഗൂഢാലോചനയെക്കുറിച്ച് ജുഡീഷല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭാ തീരുമാനം. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ റിട്ട. ജസ്റ്റീസും സംസ്ഥാന പോലീസ് കംപ്ലയിന്റ്‌സ് അഥോറിറ്റി ചെയര്‍മാനുമായ വി.കെ. മോഹനനെ കമ്മീഷനായി നിയോഗിച്ചു.
പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ മന്ത്രിസഭയുടെ തീരുമാനം ഉത്തരവായി ഇറക്കാനാകൂ. ആറുമാസമാണു കമ്മീഷന്റെ കാലാവധി. തെരഞ്ഞെടുപ്പു പ്രചാരണം നടക്കുന്നതിനിടയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് അജന്‍ഡയ്ക്കു പുറത്തുള്ള ഇനമായി ജുഡീഷല്‍ അന്വേഷണ തീരുമാനം മന്ത്രിമാരെ അറിയിച്ചത്.
മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കുമെതിരേ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങിയ ഇഡിക്കെതിരേ സംസ്ഥാന പോലീസ് വിഭാഗമായ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജുഡീഷല്‍ അന്വേഷണത്തിനും സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്.
സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്റെ ജയിലിലെ ശബ്ദരേഖ, സന്ദീപ് നായര്‍ കോടതിക്ക് അയച്ച കത്ത് തുടങ്ങിയവയിലൂടെ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിസഭാംഗങ്ങളെയും സ്പീക്കറെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടോയെന്നു ജുഡീഷല്‍ കമ്മീഷന്‍ പരിശോധിക്കുമെന്നും മന്ത്രിസഭാക്കുറിപ്പിലെ പരിഗണനാ വിഷയങ്ങളില്‍ പറയുന്നു.
ഇത്തരം ആരോപണത്തിനും മൊഴികള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികളെയും ഏജന്‍സികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനുള്ള അന്വേഷണവും കമ്മീഷന്‍ നടത്തും.
ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ജുഡീഷല്‍ കമ്മീഷനെ നിയമിച്ചിരിക്കുന്നത്. വിതുര സ്വദേശിയായ സുബ്രഹ്മണ്യന്‍ കഴിഞ്ഞ മാര്‍ച്ച് 15നു സംസ്ഥാന സര്‍ക്കാരിനു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും മന്ത്രിസഭയ്ക്കു നല്‍കിയ കുറിപ്പില്‍ സൂചിപ്പിക്കുന്നു.
Discussion about this post