കൊച്ചി: ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളുവെന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗരേഖ കോടതി അംഗീകരിക്കുകയും ചെയ്തു. ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണം. ഇരട്ട വോട്ടുള്ളവരുടെ ഫോട്ടോ എടുക്കണമെന്നും കൈയിലെ മഷി മായ്ക്കുന്നില്ലെന്നും കമ്മീഷന്‍ ഉറപ്പാക്കണം.
ഇരട്ട വോട്ട് ഉള്ളവര്‍ ബൂത്തില്‍ എത്തിയാല്‍ സത്യവാങ്മൂലം നല്‍കണമെന്നും സുഗമമായ വോട്ടെടുപ്പിന് ആവശ്യമെങ്കില്‍ കേന്ദ്രസേനയെ വിന്യസിക്കാമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നാണ് ഹര്‍ജിയില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നത്.
പോസ്റ്റല്‍ വോട്ടുകള്‍ വിവിപാറ്റ് മെഷീനുകള്‍ക്കൊപ്പം സ്‌ട്രോംഗ് റൂമില്‍ സൂക്ഷക്കണമെന്നും മറ്റൊരു ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ കെ. മുരളീധരന്‍, ആനാട് ജയന്‍, ദീപക് ജോയ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
Discussion about this post