തിരുവനന്തപുരം: കേരളത്തില്‍ ഭരണത്തിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഇടതു സര്‍ക്കാര്‍ പരാജയപ്പെട്ടു. വികസന പ്രവര്‍ത്തനങ്ങളില്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടു. കേന്ദ്രം നല്‍കുന്ന സഹായം പോലും വിനിയോഗിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും മോദി പറഞ്ഞു. തിരുവനന്തപുരത്ത് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീ പത്മനാഭസ്വാമി, ആറ്റുകാല്‍, വെള്ളായണി, ആഴിമല അടക്കമുള്ള ക്ഷേത്രങ്ങളെക്കുറിച്ച് പരാമര്‍ശിച്ചും, അയ്യങ്കാളിയെയും ചട്ടമ്പിസ്വാമികളെയും രാജാ രവിവര്‍മയെയും സ്വാതി തിരുനാളിനെയും മാര്‍ത്താണ്ഡവര്‍മയെയും അനുസ്മരിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്.
തിരുവനന്തപുരത്തായിരുന്നു ബിജെപി ആദ്യമായി നിയമസഭയില്‍ അക്കൗണ്ട് തുടങ്ങിയത്. കേരളത്തിലും തമിഴ്‌നാട്ടിലും വലിയ എന്‍ഡിഎ അനുകൂലതരംഗമുണ്ടെന്ന് മോദി പറഞ്ഞു. വികസനത്തിന് ബദലായി കേരളം കണക്കാക്കുന്നത് ബിജെപിയെയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വലിയ വിജയം നല്‍കി ബിജെപിയെ അനുഗ്രഹിക്കണമെന്നും മോദി പറഞ്ഞു.
കേരളത്തില്‍ ജനങ്ങള്‍ രണ്ട് കാര്യങ്ങള്‍ തിരിച്ചറിയുന്നു. യുഡിഎഫും എല്‍ഡിഎഫും ഇരട്ടകളെപ്പോലെയാണ്, ദുര്‍ഭരണം, അക്രമം, അഴിമതി, ജാതി, വര്‍ഗീയത, പ്രീണനം എന്നീ കാര്യങ്ങളിലും ഒരേ പോലെയാണ് ഇടതും വലതും. തെരഞ്ഞെടുപ്പുകള്‍ കഴിയുമ്പോള്‍ കോണ്‍ഗ്രസും ഇടതും ഒന്നിച്ചാണ് വരുന്നത്.
ബിജെപിക്കെതിരെ ഇടതും കോണ്‍ഗ്രസും ഒരുമിച്ചാണ് പലയിടത്തും. ഇതിനെ സിസിപി എന്നു വിളിക്കാം – കോണ്‍ഗ്രസ് കൊമ്രേഡ് പാര്‍ട്ടി. യുഡിഎഫിന് ഇടതിനെ നേരിടാനുള്ള ശേഷിയില്ല. അതുകൊണ്ട് തന്നെയാണ് ബിജെപിക്ക് ഇത്ര പിന്തുണ വര്‍ധിക്കുന്നത്.
എന്‍ഡിഎ പിന്തുണ കൂടുന്നത് യുവാക്കളില്‍ നിന്നും സ്ത്രീകളില്‍ നിന്നും പ്രൊഫഷണലുകളില്‍ നിന്നുമാണ്. യുഡിഎഫും എല്‍ഡിഎഫും നേതൃത്വം വളരെ മോശമാണ്. ഇവിടത്തെ എംഎല്‍എയാണ് ശബരിമലയില്‍ വിശ്വാസികളെ അടിച്ചമര്‍ത്താന്‍ മുന്നില്‍ നിന്നത്.
എ-ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തമ്മിലടിയിലാണ് നമ്പി നാരായണന്റെ ജീവിതം താറുമാറായത്. യുഡിഎഫിനൊപ്പം ഒരിക്കലും പ്രൊഫഷണലുകള്‍ എത്തില്ല. മെട്രോമാന്‍ ഇ. ശ്രീധരനെ എന്‍ഡിഎ ബഹുമാനിക്കുന്നു. രാജ്യത്തിന് വേണ്ടി സംഭാവനകള്‍ നല്‍കിയ ഇ. ശ്രീധരന് കേരളത്തെ സേവിക്കാന്‍ എന്‍ഡിഎ വേദി നല്‍കിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post