തിരുവനന്തപുരം : കനത്ത പ്രചാരണങ്ങള്‍ക്കൊടുവില്‍ കേരളം നാളെ പോളിംങ് ബൂത്തിലേക്ക്. ജില്ലാ കേന്ദ്രങ്ങളില്‍ വോട്ടെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും പോളിംഗ് സാമഗ്രികളുടെയും വിതരണം വൈകിട്ടോടെ പൂര്‍ത്തിയാകും. പോളിംഗ് സുരക്ഷാ ഡ്യൂട്ടികള്‍ക്കായി നാല് ലക്ഷത്തോളം ഉദ്യോഗസ്ഥരെയാണ് 140 മണ്ഡലങ്ങളിലായി വിന്യസിച്ചിട്ടുള്ളത്.
ശക്തമായ പ്രാചരണപരിപാടികള്‍ക്കും രാഷ്ട്രീയവാക്‌പോരിനും സാക്ഷ്യം വഹിച്ച സംസ്ഥാനം നാളെ പോളിംങ് ബൂത്തിലേക്ക് നീങ്ങുകയാണ്. 140 നിയോജകമണ്ഡലങ്ങളിലേയും പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തിയാകും. രാത്രിയോടെ പോളിംഗ് ബൂത്തുകളെല്ലാം പൂര്‍ണ്ണ സജ്ജമാകും. പ്രധാനമായും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍, കൊറോണ സുരക്ഷയ്ക്ക് ആവശ്യമായ സാനിറ്റെസര്‍ തുടങ്ങിയവയാണ് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത്. എല്ലാ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും പോള്‍ മാനേജര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.
ഇരട്ടവോട്ടും വ്യാജവോട്ടുമുള്ളവരുടെ ലിസ്റ്റും ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കൊറോണ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെങ്കിലും പല കേന്ദ്രങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്. പോളിംഗ് സുരക്ഷാ ഡ്യൂട്ടികള്‍ക്കായി നാല് ലക്ഷത്തോളം ഉദ്യോഗസ്ഥരെ 140 മണ്ഡലങ്ങളിലായി വിന്യസിച്ചു. 59,000ത്തോളം പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. പോലീസിന്റെ വിവിധ പട്രോള്‍ സംഘത്തിന് പുറമെ നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, തണ്ടര്‍ബോള്‍ട്ട് എന്നിവയുമുണ്ടാകും. കൂടാതെ ഡ്രോണ്‍ സംവിധാനവും ഒരുക്കയിട്ടുണ്ട്.
131 നിയോജകമണ്ഡലങ്ങളില്‍ വൈകിട്ട് ഏഴു വരെയും 9 നിയമസഭാമണ്ഡലങ്ങളില്‍ വൈകിട്ട് ആറ് മണിവരെയുമാണ് നാളെ വോട്ടെടുപ്പ്.
Discussion about this post