തിരുവനന്തപുരം: അനധികൃത വാഹനങ്ങളില്‍ കുട്ടികളെ സ്‌കൂളുകളില്‍ അയക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍(ഡിപിഐ) നിര്‍ദ്ദേശം നല്‍കി. സ്വകാര്യ വാന്‍ ഡ്രൈവറുടെ പീഡനത്തെ തുടര്‍ന്നു തിരുവനന്തപുരത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നാണ് നിര്‍ദ്ദേശം.
പൊലീസിന്റെയും ഗതാഗത വകുപ്പിന്റെയും അനുമതി പത്രം ഇല്ലാത്ത വാഹനങ്ങളില്‍ കുട്ടികളെ സ്‌കൂളുകളിലേക്ക് കൊണ്ടുപോകുന്നത് തടയാന്‍ ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥരോട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പ്രധാന അധ്യാപകര്‍ക്ക് നല്‍കും. സ്വകാര്യ വാഹനങ്ങളുടെ ഡ്രൈവറുമാരുടേയും ക്ലീനറുമാരുടേയും ചിത്രങ്ങളും പൊലീസ് സാക്ഷ്യപ്പെടുത്തിയ സ്വഭാവ സര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ അധികൃതര്‍ സൂക്ഷിക്കണം.
കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളെ കുറിച്ച് പൊലീസ് അധികാരികളുമായി സ്‌കൂളുകള്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തണം. പിടിഎ കമ്മറ്റികള്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഡിപിഐ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി ആത്മഹത്യചെയ്ത സംഭവത്തെ കുറിച്ച് ഉപവിദ്യാഭ്യാസ ഓഫിസറോട് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും ഡിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post