തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്ത് രൂക്ഷമായതിനിടെ മാസ് ടെസ്റ്റിന് സര്‍ക്കാര്‍ തീരുമാനിച്ചു. വരുന്ന രണ്ടു ദിവസത്തിനുള്ളില്‍ രണ്ടരലക്ഷം പേര്‍ക്ക് പരിശോധന നടത്തും. രോഗവ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിലായിരിക്കും കൂടുതല്‍ പരിശോധന നടത്തുക. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്തവരെയും പരിശോധനയ്ക്ക് വിധേയരാക്കും.
ബുധനാഴ്ച സംസ്ഥാനത്ത് 8,778 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുത്തനെ ഉയര്‍ന്നിരുന്നു. 13.45 ശതമാനമാണ് വ്യാഴാഴ്ചയുണ്ടായത്. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ രോഗികള്‍ 1,000 കടക്കുകയും ചെയ്തു.
രോഗവ്യാപനം കൂടിയതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങളും കടുപ്പിച്ചിരുന്നു. ബസും ട്രെയിനും അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍ സീറ്റിംഗ് പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റില്ല. നിന്നുള്ള യാത്ര പൂര്‍ണമായി തടയാന്‍ പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊതുപരിപാടികള്‍ അനുവദിക്കില്ല. വിവാഹ ചടങ്ങില്‍ പങ്കാളിത്തം 100 പേരാക്കി ചുരുക്കി. കടകള്‍ രാത്രി ഒന്‍പതിന് ശേഷം തുറക്കാന്‍ പാടില്ല തുടങ്ങിയ നിര്‍ദ്ദേശങ്ങളും നടപ്പാക്കിത്തുടങ്ങി.
Discussion about this post