ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തു. ഓക്‌സിജന്‍ വിതരണം, വാക്‌സിനേഷന്‍, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയില്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയെന്തെന്ന് കോടതി ആരാഞ്ഞു. ഇതു സംബന്ധിച്ച് കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു.
വെള്ളിയാഴ്ച വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയെ കേസില്‍ അമിക്കസ് ക്യുറി ആയി ചീഫ് ജസ്റ്റീസ് നിയമിച്ചു. കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിവിധ ഹൈക്കോടതികള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു എന്ന് ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു.
ഹൈക്കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്ന ഈ കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റിയേക്കും എന്ന സൂചനയും ചീഫ് ജസ്റ്റിസ് നല്‍കി. കോവിഡ് കൈകാര്യം ചെയ്തതില്‍ സര്‍ക്കാരുകള്‍ക്കുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി, അലഹബാദ് ഹൈക്കോടതികള്‍ രൂക്ഷവിമര്‍ശം ഉന്നയിച്ചിരുന്നു.
മധ്യപ്രദേശ്, ബോംബെ, സിക്കിം ഹൈക്കോടതികളും കോവിഡ് സാഹചര്യവും ആയി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്.
Discussion about this post