തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിനങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ധാരണയായി. പൂര്‍ണ അടച്ചിടലിനെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ എതിര്‍ത്തു.
എന്നാല്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാരാന്ത്യങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരാനും യോഗത്തില്‍ തീരുമാനിച്ചു. ഇതോടെ വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലും സംസ്ഥാനത്ത് നിയന്ത്രണങ്ങളുണ്ടാകുമെന്ന് ഉറപ്പായി.
സമ്പൂര്‍ണ അടച്ചിടല്‍ സാമ്പത്തിക മേഖലയെ തകര്‍ക്കുമെന്നും എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുമെന്നും യോഗം വിലയിരുത്തി. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ പ്രതിസന്ധിയിലാകും. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
എന്നാല്‍ രോഗവ്യാപനം തീവ്രമായ പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരും. ഇക്കാര്യത്തില്‍ അതാത് ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ അനുമതി നല്‍കും. സംസ്ഥാനത്ത് കടകളുടെ പ്രവര്‍ത്തന സമയം രാത്രി ഒന്‍പത് വരെ നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാല്‍ ഒന്‍പതിന് കര്‍ഫ്യൂ തുടങ്ങുന്നതിനാല്‍ 7.30ന് തന്നെ കടകള്‍ അടയ്ക്കുന്നതാകും ഉചിതമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് രണ്ടിന് ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് യോഗത്തില്‍ പൊതു വിലയിരുത്തലുണ്ടായി. തീരുമാനം നിയമം മൂലം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തകരോട് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
Discussion about this post