കൊച്ചി: വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി. മെയ് രണ്ടിന് ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തീര്‍പ്പാക്കി. അന്നേ ദിവസം സര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മിഷനും സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ തൃപ്തികരമെന്നു വിലയിരുത്തിയാണ് കോടതിയുടെ നടപടി.
ഇതില്‍ കോടതിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ കോടതിക്ക് സംശയമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞടുപ്പു കമ്മിഷന്‍ കോടതിയെ അറിയിച്ചു. ആഹ്ലാദ പ്രകടനം വിലക്കിയിട്ടുണ്ടെന്നും കമ്മിഷന്റെ അഭിഭാഷകന്‍ ദീപു ലാല്‍ മോഹന്‍ പറഞ്ഞു. വിജയിച്ച സ്ഥാനാര്‍ഥിക്കു വരണാധികാരിയില്‍നിന്നു സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തുമ്പോള്‍ രണ്ടു പേരെ മാത്രമാണ് ഒപ്പം കൂട്ടാവുന്നതെന്നും കമ്മിഷന്‍ അറിയിച്ചു.
മെയ് ഒന്ന് അര്‍ധ രാത്രി മുതല്‍ രണ്ടാം തീയതി അര്‍ധ രാത്രി വരെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണം എന്ന ആവശ്യവുമായി കൊല്ലത്തെ അഭിഭാഷകന്‍ അഡ്വ വിനോദ് മാത്യു വില്‍സണ്‍ ആണ് കോടതിയെ സമീപിച്ചത്.
Discussion about this post