തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. 17ന് ഇടതുമുന്നണി യോഗം ചേരും. അതിനു മുന്പായി മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച നടക്കും.
ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കാന്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെയും ചുമതലപ്പെടുത്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഉഭയകക്ഷി ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കും.
ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സത്യപ്രതിജ്ഞയുടെ വിശദാംശങ്ങള്‍ തീരുമാനിക്കേണ്ടത്. ഈ സമിതി വൈകാതെ യോഗം ചേരും.
കോവിഡ് സാഹചര്യത്തില്‍ രാജ്ഭവനിലെ പാര്‍ക്കിംഗ് ഏരിയായില്‍ പന്തല്‍ നിര്‍മിച്ചു സത്യപ്രതിജ്ഞ നടത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്ര പേരെ പങ്കെടുപ്പിക്കണമെന്നത് അടക്കമുള്ള തീരുമാനങ്ങള്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സ്വീകരിക്കും. നിയുക്ത മന്ത്രിമാര്‍, എംഎല്‍എമാര്‍, കുടുംബാംഗങ്ങള്‍, പ്രമുഖ രാഷ്ട്രീയ- സാമൂഹിക നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കു മാത്രം പ്രവേശനം നിജപ്പെടുത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.
ഒന്‍പതു വരെ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീളാന്‍ ഇടയുള്ള സാഹചര്യത്തിലാണ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വൈകുന്നത്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിടുക്കത്തില്‍ വേണ്ടെന്നാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.
സിപിഎം മന്ത്രിമാര്‍ ആരൊക്കെയാകണം എന്നതു സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമുണ്ടായില്ല. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പോളിറ്റ്ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ മന്ത്രിമാരെ സംബന്ധിച്ചു ചര്‍ച്ച നടത്തുന്നുണ്ട്. എം.എം. മണിയെയും ടി.പി. രാമകൃഷ്ണനെയും വീണ്ടും പരിഗണിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്.
മന്ത്രിസഭയില്‍ അധികവും പുതുമുഖങ്ങള്‍ വേണമെന്നു തീരുമാനിച്ചാല്‍ എം.എം. മണിയും ടി.പി. രാമകൃഷ്ണനും മന്ത്രിസഭയില്‍ ഉണ്ടാകില്ല.
പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദന്‍, കെ.കെ. ശൈലജ, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ ഉറപ്പായും മന്ത്രിമാരാകും. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ എന്നിവരും മന്ത്രിമാരാകും.
മത- ജാതീയ പരിഗണനകളൊന്നും മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതില്‍ വേണ്ടായെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. തിരുവനന്തപുരത്തു നിന്നും വി.ശിവന്‍കുട്ടി മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. പി.പി. ചിത്തരഞ്ജന്‍, സജി ചെറിയാന്‍, വി.എന്‍. വാസവന്‍, കാനത്തില്‍ ജമീല, എ.എന്‍. ഷംസീര്‍, വീണാ ജോര്‍ജ് എന്നിവരും പരിഗണനയിലുണ്ട്.
വരുന്ന വെള്ളിയാഴ്ച ഇടതുമുന്നണി വിജയദിനമായി ആചരിക്കും. അന്നു രാത്രി ഏഴിന് വീടുകളില്‍ പ്രവര്‍ത്തകര്‍ ദീപശിഖ തെളിയിച്ചു മധുരം പങ്കുവയ്ക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു.
Discussion about this post