ബെയ്ജിംഗ്: ചൈനീസ് റോക്കറ്റ് ലോംഗ് മാര്‍ച്ച് 5ബിയുടെ ഭാഗങ്ങള്‍ ഭൂമിയില്‍ പതിച്ചു. റോക്കറ്റിന്റെ ഭാഗങ്ങള്‍ മാലദ്വീപിനോടു ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് ചിതറിത്തെറിച്ചത്.
റോക്കറ്റിന്റെ ഭാഗങ്ങളിലേറെയും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചപ്പോഴെ കത്തിയെരിഞ്ഞതായും ചില ഭാഗങ്ങള്‍ മാത്രമാണ് കടലില്‍ വീണതെന്നും ചൈന അറിയിച്ചു.
നേരത്തേ, റോക്കറ്റ് കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒമാന്‍, ഇസ്രയേല്‍ ഏന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ലഭിച്ചത്.
ലോംഗ് മാര്‍ച്ച് ബഹിരാകാശ റോക്കറ്റിന്റെ മുഖ്യഭാഗത്തിനു തന്നെ 18 ടണ്‍ ഭാരമാണുണ്ടായിരുന്നത്. ചൈനയുടെ ലാര്‍ജ് മോഡ്യുലര്‍ സ്പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29ന് ഭ്രമണപഥത്തിലെത്തിച്ചിരുന്നു.
ടിയാന്‍ഹെ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്.
Discussion about this post