ന്യൂഡല്‍ഹി: വാക്‌സിന്‍ നയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം മാധ്യമങ്ങളില്‍ വന്നതില്‍ കോടതിക്ക് അതൃപ്തി. വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടരുത് എന്നതായിരുന്നു സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.
സത്യവാങ്മൂലം ലഭിക്കാന്‍ വൈകിയെങ്കിലും പ്രയാസമുണ്ടായില്ല, കാരണം നിങ്ങളുടെ സത്യവാങ്മൂലം ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് പത്രം വായിച്ച് അതിലെ വിശദാംശങ്ങള്‍ താന്‍ മനസിലാക്കിയെന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ് പറഞ്ഞത്.
അതേസമയം ഇന്ത്യയുടെ വാക്‌സിന്‍ കയറ്റുമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണങ്ങള്‍ ഉയരുകയാണ്. വാക്‌സിന്‍ നയം പാളിയെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. 6.60 കോടി ഡോസ് വാക്‌സിനാണ് ഇന്ത്യ ഇതുവരെ കയറ്റി അയച്ചത്.
93 രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്ന് വാക്‌സിന്‍ സ്വീകരിച്ചു. എന്നാല്‍ ഇതില്‍ 88 രാജ്യങ്ങളിലും രോഗവ്യാപനം ഇന്ത്യയേക്കാള്‍ കുറവാണ്. കയറ്റുമതി തുടങ്ങിയ സമയത്ത് ഇന്ത്യയേക്കാള്‍ സുരക്ഷിതമായ നിലയിലായിരുന്നു 64 രാജ്യങ്ങളും.
രാജ്യത്ത് ആവശ്യംവേണ്ട വാക്‌സിന്‍ സ്റ്റോക്ക് ചെയ്യാതെ കയറ്റുമതി നടത്തിയത് കേന്ദ്രസര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയാണെന്നാണ് വിമര്‍ശനം.
Discussion about this post