തിരുവനന്തപുരം : പൊതുജനങ്ങള്‍ക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു.
ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എസ്.എം.എസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട എഞ്ചിനീയര്‍മാരെ അറിയിക്കും. പരാതി പരിഹരിച്ച ശേഷം വിവരം ആപ്പില്‍ അപ്ഡേറ്റ് ചെയ്യും. പരാതി നല്‍കിയവര്‍ക്ക് ആപ്പിലൂടെ തന്നെ തുടര്‍വിവരങ്ങള്‍ അറിയാന്‍ കഴിയും.
പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച് പരിപാലിക്കുന്ന റോഡുകളുടെയും ആസ്തികളുടെയും ശാസ്ത്രീയമായ സംരക്ഷണത്തിനും കൃത്യമായ ധനവിനിയോഗത്തിനും വേണ്ടി നടപ്പിലാക്കുന്ന റോഡ് മെയിന്റന്‍സ് മാനേജ്മെന്റ് സിസ്റ്റം പദ്ധതിയുടെ ഭാഗമായാണ് ആപ്പ് ഒരുങ്ങുന്നത്.
തെരഞ്ഞെടുത്ത 7000 കിലോമീറ്റര്‍ കോര്‍ റോഡുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സിസ്റ്റത്തില്‍ ഡിജിറ്റലൈസ് ചെയ്യും. 4000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post