തിരുവനന്തപുരം: കടലാക്രമണം തടയാന്‍ ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഴക്കെടുതിയും തീരശോഷണവും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, എം.വി ഗോവിന്ദന്‍, പി.എ മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, വീണാജോര്‍ജ്ജ്, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കടലാക്രമണം ചെറുക്കാന്‍ ഫലപ്രദമായി ഉപയോഗിക്കപ്പെട്ട സംവിധാനമാണ് ടെട്രാപോഡ് സാങ്കേതികവിദ്യ. കരിങ്കല്ലിനു പകരം ടെട്രാപോഡ് നിരത്തി പുലിമുട്ടുകള്‍ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. അതു സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കി ഇവിടെയും ഉപയോഗിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
കൂടുതല്‍ തീരദേശ സംരക്ഷണ നടപടികള്‍ സ്വീകരിക്കും. നദികള്‍, പുഴകള്‍ എന്നിവിടങ്ങളിലെ മണലും എക്കലും നീക്കം ചെയ്യും. ഇത് തുടര്‍പ്രവര്‍ത്തനമായി ഏറ്റെടുക്കാന്‍ ജലസേചന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ചെല്ലാനം പോലുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും കടലാക്രമണം രൂക്ഷമാണ്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കടലാക്രമണ പ്രതിരോധമാണ് നമുക്കാവശ്യം. ഒരോ തീരപ്രദേശത്തും കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പ്രത്യേക നടപടി സ്വീകരിക്കണം. ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മാസത്തില്‍ രണ്ടു തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി പുരോഗതി ചീഫ് സെക്രട്ടറിയെ അറിയിക്കണം. മന്ത്രിതലത്തിലും മാസംതോറും പുരോഗതി വിലയിരുത്തണം.
മഴക്കാലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കൂടി പങ്കെടുപ്പിച്ച് വീടുകളും പരിസരവും ശുചിയാക്കാന്‍ പ്രത്യേക ബോധവത്ക്കരണ പരിപാടി നടത്തണം. പൊതുനിരത്തുകളും പൊതുഇടങ്ങളും ശുചിയാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ സന്നദ്ധ സേന വളണ്ടിയര്‍മാരെ കൂടി പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഇല്ലാത്ത സന്നദ്ധ സേനാ പ്രവര്‍ത്തകരെയായിരിക്കണം ഉപയോഗിക്കേണ്ടത്. ഇതിനായി തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍, സാമൂഹ്യ സന്നദ്ധ സേനാ ഡയറക്ടര്‍ എന്നിവര്‍ സംയുക്ത പ്രവര്‍ത്തനം നടത്തണം. മഴക്കാല പൂര്‍വ്വ ജാഗ്രതാ നടപടികളുടെ അവലോകനം എല്ലാ ദിവസവും നടത്താന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
ടൗട്ടേ ചുഴലിക്കാറ്റ് മൂലം എട്ടു കോടി രൂപയിലധികം നഷ്ടം പൊതുമരാമത്ത് റോഡുകള്‍ക്ക് ഉണ്ടായി. അതിന്റെ പുനര്‍നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്. കടലാക്രമണം നേരിടാന്‍ എട്ട് തീരദേശ ജില്ലകള്‍ക്ക് ഒരു കോടി രൂപ വീതവും എറണാകുളം ജില്ലക്ക് രണ്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post