തിരുവനന്തപുരം: കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും, ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതല്‍ കേരളത്തിന് സ്വന്തം. കേരളത്തിന്റെയും കര്‍ണാടകയുടേയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി ഉപയോഗിച്ച് വന്ന കെഎസ്ആര്‍ടിസി (KSRTC) എന്ന പേര് ഇനി മുതല്‍ കേരളത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.
ഇരു സംസ്ഥാനങ്ങളും പൊതു ഗതാഗത സര്‍വീസുകളില്‍ കെഎസ്ആര്‍ടിസി എന്ന പേരാണ് വര്‍ഷങ്ങളായി ഉപയോഗിച്ച് വന്നത്. എന്നാല്‍ ഇത് കര്‍ണാടകയുടേതാണെന്നും കേരള ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കരുതെന്നും കാണിച്ച് 2014 ല്‍ കര്‍ണാടക നോട്ടീസ് അയച്ചിരുന്നു.
തുടര്‍ന്ന് അന്നത്തെ സിഎംഡിയായിരുന്ന ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കിന് കേരളത്തിന് വേണ്ടി അപേക്ഷിച്ചു. അതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. ഒടുവില്‍ ട്രേഡ് മാര്‍ക്ക്‌സ് ആക്ട് 1999 പ്രകാരം കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും , ലോഗോയും, ആനവണ്ടി എന്ന പേരും,കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് അനുവദിച്ച് ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി.
ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തിന് ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്ന് കെഎസ്ആര്‍ടിസി എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ അറിയിച്ചു. ‘ആനവണ്ടി’ എന്ന പേരും പലരും പലകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്, അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
Discussion about this post