തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ചോദ്യം ചെയ്യും. നാളെ രാവിലെ പത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് ദിപിന് പൊലീസ് നോട്ടീസയച്ചു. കേസിലെ പരാതിക്കാരനായ ധര്‍മരാജനെ ഫോണില്‍ വിളിച്ച ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന് മിഥുനെ ഇന്ന് ചോദ്യം ചെയ്തിരുന്നു. സുരേന്ദ്രന് മത്സരിച്ച കോന്നിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇവിടെ സുരേന്ദ്രന് അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്.
അതേസമയം കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസ് എഫ്.ഐ.ആര് ശേഖരിച്ച ഇ.ഡി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും പരിശോധിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് 10 ദിവസത്തിനകം നിലപാട് അറിയിക്കാന്‍ ഹൈക്കോടതിയും ഇഡിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബി.ജെ.പി നേതാക്കള്‍ സംശയ നിഴലിലുള്ള കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം ഇല്ലാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
Discussion about this post