ആലപ്പുഴ: എ.സി. റോഡിനെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ വെള്ളപ്പൊക്ക പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കുന്നതിനായി ആദ്യ പിണറായി സര്‍ക്കാര്‍ തുടക്കം കുറിച്ച ആലപ്പുഴ-ചങ്ങനാശേരി സെമി എലിവേറ്റഡ് ഹൈവേ പദ്ധതി മുന്‍നിശ്ചയിച്ച പ്രകാരം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സെമി എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രി സജി ചെറിയാനോടൊപ്പം എ.സി. റോഡ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്തും മറ്റു വകുപ്പുകളുമായി ചില കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കേണ്ടതുണ്ട്. വനംവകുപ്പുമായും റവന്യൂ വകുപ്പുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പാലത്തിന്റെ നിര്‍മാണം ആരംഭിക്കുമ്പോള്‍ ഗതാഗതം വഴിതിരിച്ചുവിടണം. ഇതിനായി ജില്ല കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. 24 കിലോമീറ്റര്‍ വരുന്ന ഹൈവേയുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് തിരുവനന്തപുരത്ത് ഉടന്‍ ഉന്നതതല യോഗം ചേരും. ജനങ്ങളാകെ ആഗ്രഹിക്കുന്ന, അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും.
നിലവില്‍ 851 മരങ്ങള്‍ മുറിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്. ഇതില്‍ 787 മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടിയായി. 64 മരങ്ങളുടെ കാര്യത്തില്‍ അന്തിമ നടപടിയായിട്ടില്ല. വനംവകുപ്പുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളും തിരുവനന്തപുരത്തു നടക്കുന്ന യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ ഹൗസിലെത്തിയ മന്ത്രി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുമായും എം.എല്‍.എ.മാരുമായും ആലപ്പുഴയുടെ ടൂറിസം വികസനം സംബന്ധിച്ച് ചര്‍ച്ച നടത്തി.
ആലപ്പുഴ ജില്ലയിലെ വിനോദസഞ്ചാര മേഖലയിലെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി ആലപ്പുഴ പൈതൃക പദ്ധതി എത്രയും വേഗം നടപ്പാക്കും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടൂറിസം പദ്ധതികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. എ.സി. റോഡിലെ പള്ളാത്തുരുത്തി പാലം മന്ത്രിമാര്‍ സന്ദര്‍ശിച്ചു. നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന മറ്റിടങ്ങള്‍ കണ്ടു.
എം.എല്‍.എ.മാരായ എച്ച്. സലാം, തോമസ് കെ. തോമസ്, പി.പി. ചിത്തരഞ്ജന്‍, ചങ്ങനാശേരി എം.എല്‍.എ. അഡ്വ. ജോബ് മൈക്കിള്‍, കെ.എസ്.റ്റി.പി. ചീഫ് എന്‍ജിനീയര്‍ ഡാര്‍ലിന്‍ കാര്‍മലിറ്റ ഡിക്രൂസ്, സൂപ്രണ്ടിങ് എന്‍ജിനീര്‍ എന്‍. ബിന്ദു, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. ഡിറ്റി എന്നിവര്‍ മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു.
റീബില്‍ഡ് കേരളാ ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തിയാണ് എ.സി. റോഡ് പുനരുദ്ധരിക്കാന്‍ പദ്ധതി നടപ്പാക്കിയത്. 2020 ഒക്ടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. നവീകരിക്കുന്ന റോഡിനും ഫ്ളൈ ഓവറിനും വാഹന ഗതാഗതത്തിന് 10 മീറ്റര്‍ വീതിയുള്ള രണ്ടു വരി പാതയും ഇരുവശത്തും നടപ്പാതയും ഉള്‍പ്പെടെ 13 മീറ്റര്‍ മുതല്‍ 14 മീറ്റര്‍ വരെ വീതിയുണ്ടാകും. 20 കിലോമീറ്ററില്‍ മൂന്നുതരത്തിലുള്ള നിര്‍മാണ രീതിയാണ് അവലംബിക്കുന്നത്. ഒന്നാമത്തേത് 2.9 കിലോമീറ്റര്‍ ബി.എം.ബി.സി. മാത്രം ചെയ്ത് റോഡ് ഉയര്‍ത്തുന്നതും രണ്ടാമത്തേത് 8.27 കി.മി. ജീയോടെക്സ്റ്റൈല്‍ ലെയര്‍ കൊടുത്തുള്ള മെച്ചപ്പെടുത്തലും മൂന്നാമത്തേത് ഒമ്പതു കി.മി. ജിയോ ഗ്രിഡും കയര്‍ ഭൂവസ്ത്രത്താല്‍ എന്‍കേസ് ചെയ്ത സ്റ്റോണ്‍കോളവും ഉപയോഗിച്ചുളള ബലപ്പെടുത്തലുമാണ് അവലംബിച്ചിരിക്കുന്നത്.
എല്ലാവര്‍ഷവും മണ്‍സൂണ്‍ സമയത്ത് റോഡില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്ന ഏറ്റവും താഴ്ന്നുകിടക്കുന്ന അഞ്ച് സ്ഥലങ്ങളില്‍ ഫ്ളൈ ഓവര്‍ നിര്‍മിക്കും. ഒന്നാംകര പാലത്തിനും മങ്കൊമ്പ് ജംഗ്ഷനും ഇടയില്‍ 370 മീറ്ററും മങ്കൊമ്പ് ജംഗ്ഷനും മാങ്കാവ് കലുങ്കിനും ഇടയില്‍ 440 മീറ്ററും മങ്കൊമ്പ് തെക്കേക്കര ഭാഗത്ത് 240 മീറ്ററും ജ്യോതി ജംഗ്ഷനും പറശ്ശേരി പാലത്തിനും ഇടയില്‍ 260 മീറ്ററും പൊങ്ങ കലുങ്കിനും പണ്ടാരക്കളത്തിനും ഇടയില്‍ 485 മീറ്ററും നീളത്തിലാണ് ഫ്ളൈ ഓവറുകള്‍ ക്രമീകരിക്കുക. ഫ്ളൈ ഓവറുകളുടെ നീളം 1.785 കിലോമീറ്ററാണ്. എ.സി റോഡില്‍ കുറച്ച് ദൂരത്തില്‍ മാത്രം വെളളപ്പൊക്കമുണ്ടായ ഭാഗങ്ങളില്‍ നിലവിലെ റോഡ് അധികം ഉയര്‍ത്താതെ റോഡിന് കുറുകെയുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിന് വേണ്ടി ഒമ്പത് സ്ഥലങ്ങളില്‍ കോസ്-വേ നല്‍കിയിട്ടുണ്ട്.
റോഡ് നവീകരിക്കുന്നതിന് മെയിന്റനന്‍സ് തുക ഉള്‍പ്പെടെ 649.76 കോടി രൂപയാണ് ചെലവ് വരുന്നത്. പൂര്‍ത്തീകരണത്തിന് 30 മാസം സമയപരിധിയാണ് കണക്കാക്കിയിട്ടുള്ളത്.
Discussion about this post