ന്യൂഡല്‍ഹി: കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. പരീക്ഷ നടത്തുന്നതില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോവിഡ് സാഹചര്യം മെച്ചപ്പെട്ടാല്‍ പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതില്‍ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു.
പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്നത് വിദ്യാര്‍ഥികളുടെ പ്ലസ്ടു പരീക്ഷാ ഫലത്തെ ബാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി. പ്രകാശ് കോടതിയെ അറിയിച്ചു. എന്നാല്‍ പ്ലസ്ടു ക്ലാസിലെ പഠനം ആരംഭിച്ച വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പരീക്ഷ എഴുതുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് പദ്മനാഭന്‍ ചൂണ്ടിക്കാട്ടി.
രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്ക ഇപ്പോഴും നിലനില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ കുട്ടികളെ അപകടത്തില്‍ ആക്കാനാകില്ല. എന്നാല്‍ പരീക്ഷ റദ്ദാക്കാന്‍ ഉത്തരവിടില്ലെന്നും കോടതി വ്യക്തമാക്കി. പരീക്ഷയ്ക്ക് തയാറെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സമയം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ചുരുങ്ങിയത് രണ്ടാഴ്ച മുമ്പെങ്കിലും പരീക്ഷ തീയതി പ്രഖ്യാപിക്കണമെന്നും കോടതി പറഞ്ഞു.
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് കേരളവും ആന്ധ്രപ്രദേശും നല്‍കിയ സത്യവാങ്മൂലങ്ങള്‍ അംഗീകരിക്കാനാകില്ലെന്നായിരുന്നു കോടതി നിലപാട്. അഞ്ച് ലക്ഷത്തോളം കുട്ടികള്‍ ആന്ധ്രപ്രദേശില്‍ പരീക്ഷ എഴുതുന്നുണ്ടെന്നും 38,000 ക്ലാസ് മുറികള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ആന്ധ്രയുടെ അഭിഭാഷകന്‍ വാദിച്ചു.
കോവിഡ് ആശങ്ക നിലനില്‍ക്കെ എന്തിനാണ് പരീക്ഷ നടത്തണമെന്ന വാശിയെന്നും മറ്റെന്തെങ്കിലും ക്രമീകരണം ബന്ധപ്പെട്ട ബോര്‍ഡുകളുമായി ആലോചിച്ച് ഉണ്ടാക്കിക്കൂടെ എന്നും സുപ്രീംകോടതി ചോദിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ആന്ധ്ര പ്രദേശിനോട് സുപ്രീം കോടതി കൂടുതല്‍ വിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു.
ആന്ധ്രപ്രദേശിനോട് പറഞ്ഞതെല്ലാം കേരളത്തിനും ബാധകമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെയാണ് പരീക്ഷ നടത്താന്‍ കേരളം തീരുമാനിച്ചിരുന്നത്. ഇതിന് തയാറാക്കിയ ഷെഡ്യൂളുകളൊന്നും അംഗീകരിക്കത്തക്കതല്ലെന്നും വിദഗ്ധരുമായി കൂടിയാലോചിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Discussion about this post