ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗം ഉണ്ടാകാതിതിരിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിനോദസഞ്ചാരമേഖലയെയും വ്യാപാരത്തെയുമെല്ലാം കൊവിഡ് പ്രതികൂലമായി ബാധിച്ചു എന്നത് പമാര്‍ത്ഥമാണ്. എന്നാല്‍ ഹില്‍ സ്റ്റേഷനുകളിലും മാര്‍ക്കറ്റുകളിലുമെല്ലാം മാസ്‌ക് ധരിക്കാതെ ആളുകള്‍ കൂട്ടം കൂടുന്നതും ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൂന്നാംതരംഗം രൂക്ഷമാകുന്നതിന് മുമ്പേ യാത്ര പോയി ആസ്വദിച്ച് മടങ്ങിവരാം എന്നുള്ള ചിന്ത ജനങ്ങളില്‍ പ്രകടമാണെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. അത്തരം ചിന്തകള്‍ മാറ്റിവച്ചേ മതിയാകൂ എന്നും പ്രധാമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുളള യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അസം, നാഗലാന്‍ഡ്, ത്രിപുര, സിക്കിം, മണിപുര്‍, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു.
രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി മൈക്രോ ലെവലില്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കൊവിഡ് വകഭേദങ്ങളെ ശ്രദ്ധയോടെ കരുതിയിരിക്കേണ്ടതുണ്ട്. വിദഗ്ദ്ധര്‍ അവയെ കുറിച്ച് പഠിക്കുകയാണ്. കൊവിഡ് സാഹചചര്യം മനസിലാക്കി അതിന് അനുസരിച്ച് പെരുമാറാന്‍ ജനങ്ങളെ നാം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ്-ട്രാക്ക് -ട്രീറ്റ് എന്ന 3-ടി ഫോര്‍മുലയുടെ പ്രധാന്യവും മോദി യോഗത്തില്‍ എടുത്തുപറഞ്ഞു.
Discussion about this post