കൊച്ചി: വരാപ്പുഴ അതിരൂപതാ മുന്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍(93) കാലം ചെയ്തു. ഹൈന്ദവദര്‍ശങ്ങളുടെ പൊരുള്‍തേടിയ ക്രൈസ്തവ ആത്മീയാചാര്യനായിരുന്ന അദ്ദേഹം. രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ 18ന് അദ്ദേഹത്തെ ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
1945ലാണ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ പൗരോഹിത്യം സ്വീകരിച്ചത്. വിജയപുരം രൂപതാധ്യക്ഷനായി 15 വര്‍ഷം സേവനമനുഷ്ഠിച്ച അദ്ദേഹം, 1987ലാണ് വരാപ്പുഴ അതിരൂപതാധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. 1989മുതല്‍ 1992വരെ കെസിബിസി അധ്യക്ഷനായിരുന്നു. 1996 ല്‍ അതിരൂപതാധ്യക്ഷ സ്ഥാനത്തുനിന്ന് വിരമിച്ചശേഷം, കാക്കനാടിനടുത്ത് ചെമ്പുമുക്കില്‍ അതിരൂപതയുടെ പ്രത്യേക മന്ദിരത്തില്‍ വിശ്രമജീവിതത്തിലായിരുന്നു.
കുഞ്ഞവിര, ത്രേസ്യ എന്നിവരാണ് മാതാപിതാക്കള്‍. സംസ്‌കൃതം, ഗ്രീക്ക്, ലത്തീന്‍ തുടങ്ങിയ നിരവധി ഭാഷകളില്‍ അദ്ദേഹത്തിന് പ്രാവീണ്യം ഉണ്ടായിരുന്നു. പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കുശേഷം ഭൗതികദേഹം ലൂര്‍ദ്ദ് ആസ്പത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഭൗതികദേഹം തിങ്കളാഴ്ച രാവിലെ ഒന്‍പത് മുതല്‍ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ചൊവ്വാഴ്ച രാവിലെ സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍ അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വൈകീട്ട് മൂന്നിന് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ കബറടക്കും.
Discussion about this post