തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം ഉയര്‍ത്തി. പുതുക്കിയ ഇളവനുസരിച്ചു ചടങ്ങുകളില്‍ 50 പേര്‍ക്കു വരെ പങ്കെടുക്കാം. നിലവില്‍ ഇത്തരം ചടങ്ങുകളില്‍ 20 പേര്‍ക്കു മാത്രമായിരുന്നു അനുമതിയുള്ളത്.
50 പേരെ വരെ ഉള്‍പ്പെടുത്തി ആളകലം പാലിച്ച് നവംബര്‍ ഒന്നു മുതല്‍ ഗ്രാമസഭകള്‍ ചേരാനും അനുവദിക്കും. 25 മുതല്‍ നിബന്ധനകളോടെ സംസ്ഥാനത്തെ സിനിമാ തിയറ്ററുകളും ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും തുറക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കാകും തിയറ്ററുകളില്‍ പ്രവേശനം. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തിയാകണം തിയറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്.
കോളജുകളില്‍ റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ 18 മുതല്‍ നടക്കും. എല്ലാ വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകളും മറ്റു പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി സംസ്ഥാനത്തിനകത്ത് വിവിധ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. രണ്ട് ഡോസ് വാക്സിനേഷന് നിബന്ധന മതി. കോളജുകളില്‍ അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ഇന്നു തുടങ്ങുന്നുണ്ട്.
പ്രീമട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷല്‍ സ്കൂളുകളും ബയോ ബബിള്‍ മാതൃകയില്‍ മറ്റു സ്കൂളുകള്‍ തുറക്കുന്ന നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ജീവനക്കാരെ ഉള്‍പ്പെടുത്തി മറ്റ് സ്കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ അനുവദിച്ചത് പ്രകാരമാവും ഇത്.
സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസികളായി പ്രവര്‍ത്തിക്കുന്ന കോളജുകള്‍, കോളജ് ഹോസ്റ്റലുകള്‍, സ്കൂളുകള്‍ എന്നിവ ഒഴിവാക്കണം. കോവിഡ് ഡ്യൂട്ടിക്ക് വിനിയോഗിച്ച അധ്യാപകരെ തിരിച്ചുവിളിക്കുന്പോള് ആ ഉത്തരവാദിത്വം നിറവേറ്റാന്‍ പറ്റുന്ന വോളന്റിയര്‍മാരെ പകരം കണ്ടെത്തണം.
സ്കൂളുകള്‍ തുറക്കുന്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണ്. കുട്ടികള്‍ക്കു സാധാരണ വരുന്ന അസുഖങ്ങളും കോവിഡ് ആയി തെറ്റിദ്ധരിച്ചേക്കാം. അതിനാല്‍ ഡോക്ടര്‍മാരുടെ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ആവശ്യമായ കരുതല്‍ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യേക സാഹചര്യത്തില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടി വരും. അതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ആന്റിജന്‍ കിറ്റുകള്‍ ലഭ്യമാക്കണം. കുട്ടികള്‍ക്കിടയില്‍ നടത്തിയ സെറോ പ്രിവലന്‍സ് സര്‍വേ പൂര്‍ത്തിയായി. സ്കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖയും ഉടന്‍ പുറത്തിറക്കും. കുട്ടികള്‍ക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post