ന്യൂഡല്‍ഹി: എയര്‍ഇന്ത്യയെ ടാറ്റയ്ക്ക് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് ഇടതുപാര്‍ട്ടികള്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് തുലച്ച് മോദിയും കൂട്ടരും സര്‍ക്കാരിനെ കൊള്ളയടിക്കുകയാണെന്നാണ് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കൈമാറ്റത്തില്‍ നേട്ടം ടാറ്റയ്ക്ക് മാത്രമാണ്. കേന്ദ്രത്തിന്റെ സൗജന്യ സമ്മാനമാണ് അവര്‍ക്ക് ലഭിച്ചത്. എയര്‍ഇന്ത്യയുടെ കടബാധ്യത തീര്‍ക്കാന്‍ ഉപയോഗിക്കുന്നത് ജനങ്ങളുടെ നികുതി പണമാണെന്ന് കേന്ദ്രം ഓര്‍ക്കണമെന്നും യെച്ചൂരി പറഞ്ഞു.
വില്‍പ്പന രാജ്യതാല്‍പര്യത്തിന് വിരുദ്ധമെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയും വിമര്‍ശിച്ചു. എയര്‍ ഇന്ത്യ ലേലത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമിയും പറഞ്ഞു.
കടക്കെണിയിലായ പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയെ 18,000 കോടി രൂപ മുടക്കിയാണ് ടാറ്റ ഏറ്റെടുത്തത്. ഡിസംബറില്‍ ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാകും.
Discussion about this post