തിരുവനന്തപുരം: മഴക്കെടുതിയെത്തുടര്‍ന്നുള്ള ദുരന്തങ്ങളില്‍ മരിച്ചവര്‍ക്ക് നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ 39 പേരാണ് മഴക്കെടുതിയില്‍ മരിച്ചതെന്നും ആറു പേരെ കാണാതായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ദുരിതത്തിലായവരെ സര്‍ക്കാര്‍ കൈവിടില്ല. മഴക്കെടുതിയില്‍ 217 വീടുകള്‍ പൂര്‍ണമായും 1393 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
ഇരട്ട ന്യൂനമര്‍ദ്ദമാണ് അതിതീവ്ര മഴക്ക് കാരണമായത്. ദുരിതത്തിലായ കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാന്‍ 304 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 3851 കുടുംബ ഇവിടെയുണ്ട്. ക്യാമ്പുകളില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായി പ്രതിപക്ഷവും അറിയിച്ചു. അതേസമയം, മുന്നറിയിപ്പ് സംവിധാനങ്ങളിലുണ്ടായ പാളിച്ചകള്‍ പരിശോധിക്കണമെന്ന് കെ. ബാബു ആവശ്യപ്പെട്ടു.
എംഎല്‍എമാരില്‍ ഭൂരിഭാഗവും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു മണ്ഡലങ്ങളിലായ സാഹചര്യത്തില്‍ ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ നിയമസഭ ചേരില്ലെന്ന പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു.
കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്ന തരത്തിലുള്ള അതിതീവ്ര മഴ ഇന്നുമുതല്‍ ഉണ്ടായില്ലെങ്കില്‍ അടുത്ത തിങ്കളാഴ്ച മുതല്‍ വീണ്ടും നിയമസഭ ചേരും.
സഭ ചേരാത്ത ദിനങ്ങളിലെ ബില്ലുകള്‍ പുനഃക്രമീകരിക്കുന്ന നടപടികള്‍ ഇന്നു ചേരുന്ന കാര്യോപദേശക സമിതി യോഗത്തിലുണ്ടാകും. നിലവില്‍ നവംബര്‍ 11 വരെയാണ് നിയമസഭാ സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. ഇതു നീട്ടണമോ അതോ ഈ ദിവസങ്ങളില്‍ കൂടുതല്‍ ബില്ലുകള്‍ പരിഗണിക്കണമോ എന്നത് അടക്കം കാര്യോപദേശക സമിതിയില്‍ തീരുമാനമുണ്ടാകും.
Discussion about this post