ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് സംബന്ധിച്ചു നാളെ തീരുമാനമുണ്ടാകണമെന്നു സുപ്രീംകോടതി. ഇക്കാര്യത്തില്‍ മേല്‍നോട്ട സമിതി അടിയന്തര റിപ്പോര്‍ട്ട് നല്‍കണം.
‘കേരളത്തിലെ പ്രളയ സാഹചര്യം മുന്നില്‍ക്കണ്ട് മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച് ഉയര്‍ന്ന ആശങ്കകള്‍ മനസിലാക്കുന്നു. ഇത് ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവനെയും സ്വത്തിനെയും ബാധിക്കുന്ന വിഷയമാണ്. രാഷ്ട്രീയവേദിയിലെ വിഷയമല്ല”-സുപ്രീംകോടതി വ്യക്തമാക്കി.
കേരള-തമിഴ്‌നാട് സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാക്കി മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയോട് കോടതി നിര്‍ദേശിച്ചു. സമിതി യുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം കോടതി തീരുമാനം എടുക്കും. ജസ്റ്റീസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, സി.ടി. രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വിഷയം നാളെ വീണ്ടും പരിഗണിക്കും.
കേരളത്തിന്റെയോ തമിഴ്‌നാടിന്റെയോ ഭാഗത്ത് നിഷ്‌ക്രിയത്വം ഉണ്ടായാല്‍ തങ്ങള്‍ക്ക് ഇടപെടേണ്ടിവരുമെന്നും ജസ്റ്റീസ് ഖാന്‍വില്‍ക്കര്‍ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍, എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്തിന്റെ റിപ്പോര്‍ട്ടില്‍ മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ആശങ്കകളും പരാതിക്കാര്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ പെടുത്തി.
എന്തൊക്കെ അപകടസാധ്യതകളാണ് ഡാമിനെ ചുറ്റിപ്പറ്റിയുള്ളതെന്ന് അറിയില്ല. അക്കാര്യം മേല്‍നോട്ട സമിതിയാണ് തീരുമാനിക്കേണ്ടത്. മുല്ലപ്പെരിയാറിലെ ജലനിരപ്പുയരുന്നതു തടയാന്‍ തമിഴ്‌നാടിന് അടിയന്തര നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍നിന്നു നല്‍കിയ രണ്ടു ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
കനത്ത മഴ മൂലം ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുവെന്നും 50 ലക്ഷത്തോളം ജനങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും ഡോ. ജോസ് ജോസഫിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് ചൂണ്ടിക്കാട്ടി.
2014, 2016 വര്‍ഷങ്ങളിലെ സുപ്രീംകോടതി ഉത്തരവനുസരിച്ച് ജലനിരപ്പ് 142 അടിവരെ നിലനിര്‍ത്താന്‍ തമിഴ്‌നാടിന് അവകാശമുണ്ടെന്നു തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ വി. കൃഷ്ണമൂര്‍ത്തി വാദത്തിനിടെ വ്യക്തമാക്കി.
Discussion about this post