ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിക്കുന്നതിന് ഇന്ത്യ 96 രാജ്യങ്ങളുമായി ധാരണയില്‍ എത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയുടെ കോവീഷീല്‍ഡ്, കോവാക്സിന്‍ എന്നിവ ഈ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഇത് മറ്റു രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര സുഗമമാക്കുമെന്നും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.
കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യാനാവും. ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുകളും അനുവദിക്കും. 96 രാജ്യങ്ങളുടെയും പട്ടിക കോവിന്‍ പോര്‍ട്ടലില്‍ കാണാനാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കോവാക്സിന് ഇന്നാണ് ബ്രിട്ടന്റെ അംഗീകാരം ലഭിച്ചത്. യുകെയില്‍ പ്രവേശിക്കാന്‍ ക്വാറന്റൈന്‍ വേണമെന്ന നിബന്ധനയും പിന്‍വലിച്ചിരുന്നു. കോവാക്സിന്‍ കുത്തിവയ്പ്പെടുത്തവര്‍ക്ക് നവംബര്‍ 22നു ശേഷം ബ്രിട്ടനില്‍ പ്രവേശിക്കാം. നവംബര്‍ 22ന് പുലര്‍ച്ചെ നാല് മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരുക.
കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതോടെയാണ് ബ്രിട്ടന്‍ അംഗീകരിച്ച പ്രതിരോധ വാക്സിനുകളുടെ പട്ടികയില്‍ കോവാക്സിനും ഇടംപിടിച്ചത്.
Discussion about this post