തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബിഡാമിനു സമീപത്തെ 15 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. ഉത്തരവിറക്കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തു.
സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ക്കെതിരേയുള്ള നടപടി ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനിക്കുമെന്നു മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിന്റെ നേതൃത്വത്തില്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ളവര്‍ യോഗം ചേര്‍ന്നെന്ന ബെന്നിച്ചന്‍ തോമസിന്റെ വിശദീകരണം ഉള്‍പ്പെടെയാണ് ചീഫ് സെക്രട്ടറി പരിശോധിക്കുന്നത്. ഈ സമിതി രണ്ടു തവണ യോഗം ചേര്‍ന്നു നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് 15 മരങ്ങളും അടിക്കാടും വെട്ടിത്തെളിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് അനുമതി നല്‍കി ഉത്തരവിറക്കിയതെന്നു ബെന്നിച്ചന്‍ തോമസ് സര്‍ക്കാരിനു വിശദീകരണം നല്‍കിയിരുന്നു.
ഈ മാസം അഞ്ചിനിറക്കിയ ഉത്തരവ് വന്‍ വിവാദമായതിനെത്തുടര്‍ന്ന് ഏഴിനുതന്നെ താത്കാലികമായി മരവിപ്പിച്ചുകൊണ്ട് വനംവകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഉത്തരവ് റദ്ദാക്കാത്തതിനു പിന്നില്‍ കള്ളക്കളിയാണെന്ന് പ്രതിപക്ഷമാരോപിച്ചിരുന്നു.
ഇന്നലെ വൈകുന്നേരം മന്ത്രിസഭ ചേര്‍ന്നപ്പോള്‍ നിയമോപദേശം അടക്കമുള്ള വിഷയങ്ങള്‍ അജന്‍ഡയ്ക്കു പുറത്തുള്ള വിഷയമായി ചീഫ് സെക്രട്ടറി വി.പി. ജോയി അവതരിപ്പിക്കുകയായിരുന്നു. വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശത്തെ പിന്തുണച്ചതോടെ ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
Discussion about this post