കൊച്ചി: രാജ്യത്തെ കൊച്ചി, ചെന്നൈ, വിശാഖപട്ടണം, പാരാദ്വീപ് ഉള്‍പ്പെടെ അഞ്ചു മത്സ്യബന്ധന തുറമുഖങ്ങള്‍ ആധുനികവത്കരിച്ച് ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നു കേന്ദ്ര ഫിഷറീസ് സഹമന്ത്രി ഡോ. എല്‍. മുരുകന്‍. ഇതിന്റെ ഭാഗമായി തുറമുഖങ്ങളില്‍തന്നെ ഐസ് പ്ലാന്റുകളും സംസ്‌കരണ സൗകര്യങ്ങളും സജ്ജീകരിക്കും.
തുറമുഖങ്ങള്‍ നവീകരിക്കുന്നതിലൂടെ മത്സ്യത്തൊഴിലാളികളുടെ ഉത്പന്നങ്ങള്‍ക്ക് നല്ല വില കിട്ടുന്ന സാഹചര്യം ഉണ്ടാകുമെന്നും രാജ്യത്തെ മത്സ്യ കയറ്റുമതി 2025 ഓടെ ഒരു ലക്ഷം കോടി രൂപ എന്ന നിലയിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി തോപ്പുംപടി മത്സ്യബന്ധന തുറമുഖം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഹൈബി ഈഡന്‍ എംപി, കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. എം. ബീന തുടങ്ങിയവരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കേന്ദ്ര സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിട്ടിയുടെ കൊച്ചി ഓഫീസും ആലപ്പുഴ ജില്ലയിലുള്ള ഏഴുപുന്നയിലെ ആക്സിലറേറ്റഡ് ഫ്രീസ് ഡ്രൈയിംഗ് കമ്പനിയും മന്ത്രി സന്ദര്‍ശിച്ചു.
മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തി അവരെ സംരംഭകരും വ്യവസായികളും ആക്കി മാറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നു മുനമ്പത്ത് സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യവേ കേന്ദ്രമന്ത്രി പറഞ്ഞു. മുനമ്പം തുറമുഖത്തിന്റെ ആധുനികവത്കരണത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആത്മനിര്‍ഭര്‍ പദ്ധതി പ്രകാരം ഫിഷറീസ് മേഖലയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത് 20,000 കോടി രൂപയാണ്.
കടല്‍പ്പായല്‍ പോലുള്ള വസ്തുക്കളുടെ വിപണന സാധ്യതകള്‍ പൂര്‍ണമായും മുതലെടുക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇതിനായി കൂട്ടായ്മകള്‍ രൂപീകരിക്കാനും ഉദ്ദേശിക്കുന്നു. തമിഴ്നാട്ടില്‍ പ്രത്യേക സാമ്പത്തിക മേഖലയില്‍ സ്ഥാപിക്കുന്ന കടല്‍ പായല്‍ സംസ്‌കാരണ കേന്ദ്രത്തിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറായി ക്കൊണ്ടിരിക്കുകയാണ്. കിസാന്‍ ക്രെഡിറ്റ് മാതൃകയില്‍ മത്സ്യത്തൊഴിലാളികള്‍ക്കും കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post