ആറന്മുള: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇന്നു രാവിലെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു.
പുലര്‍ച്ചെ മുതല്‍ ആറന്മുള ക്ഷേത്രത്തില്‍ ദര്‍ശനത്തിനുവച്ച തങ്കഅങ്കി നൂറുകണക്കിനു ഭക്തജനങ്ങള്‍ ദര്‍ശിച്ചു, തിരുവിതാംകൂര്‍ മഹാരാജാവ് ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി നടയ്ക്കു വച്ചതാണ് തങ്ക അങ്കി. ശബരിമല ക്ഷേത്ര മാതൃകയില്‍ തയാറാക്കിയ രഥത്തിലാണ് ഘോഷയാത്രയായി തങ്ക അങ്കി പമ്പയില്‍ വരെ എത്തിക്കുന്നത്.
തങ്ക അങ്കി ഘോഷയാത്രയെ യാത്ര അയക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, പ്രമോദ് നാരയണന്‍ എംഎല്‍എ, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗം തങ്കപ്പന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ദേവസ്വം ഡെപൂട്ടി കമ്മീഷണര്‍ ഡി. ബൈജു, തിരുവാഭരണം കമ്മീഷണര്‍ എസ് അജിത്കുമാര്‍, എന്നിവര്‍ എത്തിയിരുന്നു.
അതേസമയം, കരിമല വഴിയുള്ള കാനന പാത തുറക്കുന്നതിനുള്ള നടപടി തുടങ്ങിയതായി ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് 30ഓടെ പാത സഞ്ചാരയോഗ്യമാക്കും.
എഡിഎമ്മിന്റെ നേതൃത്വത്തിലുളള സംഘം ഇന്നു കാനനപാതയിലൂടെ സഞ്ചരിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തും. രാവിലെ പമ്പയില്‍ നടക്കുന്ന അവലോകന യോഗത്തിനു ശേഷമായിരിക്കും പരിശോധന.
18 കിലോമീറ്റര്‍ പൂര്‍ണമായും പെരിയാര്‍ വന്യജീവി സങ്കേതത്തിലൂടെയാണ് പാത കടന്നുപോകുന്നത്. രണ്ടു വര്‍ഷമായി ജനസഞ്ചാരമില്ലാത്തതിനാല്‍ പാത സഞ്ചാരയോഗ്യമാക്കേണ്ടതുണ്ട്. ചിലയിടത്ത്ു മരങ്ങള്‍ വീണ് മാര്‍ഗതടസമുണ്ട്.
ഇവ നീക്കംചെയ്യുകയും അപകടകരമായ മരങ്ങള്‍ വെട്ടിമാറ്റുകയും അടിക്കാട് നീക്കുകയും ചെയ്യും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വനംവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികളുടെ കൂടി സഹകരണത്തോടെയാകും കാനനപാത തെളിക്കുക.
പാതയില്‍ തീര്‍ഥാടകര്‍ക്കായി വിശ്രമ കേന്ദ്രങ്ങള്‍ ഉണ്ടാകും. ഇതിനോടനുബന്ധിച്ചു കടകള്‍, ടോയ്ലറ്റ് സൗകര്യം എന്നിവ ഒരുക്കും. കാര്‍ഡിയാക് സെന്ററുകളും അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളും ഒരുക്കും. അയ്യപ്പ സേവാസംഘത്തിന്റെ അന്നദാന കേന്ദ്രങ്ങളുമുണ്ടാകും. വന്യമൃഗങ്ങളില്‍നിന്നു തീര്‍ഥാടകര്‍ക്കു സംരക്ഷണം നല്‍കുന്നതിനു രണ്ട് കിലോമീറ്റര്‍ ഇടവിട്ടു നിരീക്ഷണ സംവിധാനമൊരുക്കും.
പാത തുറക്കുമ്പോഴും തീര്‍ഥാടകര്‍ സമയക്രമീകരണം പാലിക്കണം. രാത്രി വൈകി വനഭൂമിയിലൂടെ യാത്ര ചെയ്യും വിധത്തില്‍ തീര്‍ഥാടകരെ കടത്തിവിടില്ല. വൈകിയെത്തുന്നവര്‍ക്ക് ഇടത്താവളങ്ങളില്‍ വിശ്രമിക്കാന്‍ സൗകര്യം നല്‍കും.
Discussion about this post