ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ആറ് മാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരേ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കണമെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ ദിലീപിനെതിരേ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പ്രോസിക്യൂഷന്‍ വിചാരണ കോടതിയിലും അപേക്ഷ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെയും സമീപിച്ചത്.
കോവിഡ് ഉള്‍പ്പടെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കേസിന്റെ വിചാരണ നീട്ടിവയ്ക്കാന്‍ മുന്‍പ് മൂന്ന് തവണ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. വിചാരണയ്ക്ക് സമയം തേടി ഇത് നാലാം തവണയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എത്തുന്നത്.
അതേസമയം കേസില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിചാരണ നീട്ടിവയ്ക്കരുതെന്നും പ്രത്യേക കോടതിയില്‍ ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. വിചാരണ കോടതിയുടെ മുന്നിലുള്ള അപേക്ഷ ഇനി ജനുവരി 20-നാണ് പരിഗണിക്കുന്നത്.
Discussion about this post