കോഴിക്കോട്: കഴിഞ്ഞദിവസം ട്രെയിനില്‍ പോലീസിന്റെ മര്‍ദനത്തിന് ഇരയായ കൂത്തുപറമ്പ് സ്വദേശിയെ കണ്ടെത്തി. നിര്‍മലഗിരി പതിനൊന്നാംമൈല്‍ തൈപ്പറമ്പത്ത് വീട്ടില്‍ കെ. ഷമീര്‍ എന്ന പൊന്നന്‍ ഷമീറിനെ (45) കോഴിക്കോട് ലിങ്ക് റോഡില്‍ വച്ചാണ് കണ്ടെത്തിയത്.
ഇയാളെ കോഴിക്കോട് ആര്‍പിഎഫ് ഓഫീസിലെത്തിച്ചു. എഎസ്‌ഐയുടെ മര്‍ദനശേഷം ഇയാളെ വടകര സ്റ്റേഷനില്‍ ഇറക്കിവിട്ടുവെന്നാണ് പോലീസ് പറഞ്ഞിരുന്നതെങ്കിലും ഇയാളെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിച്ചിരുന്നില്ല.
മര്‍ദനത്തിനിരയായത് ഷമീര്‍ ആണെന്ന് വ്യക്തമായ സാഹചര്യത്തില്‍ റെയില്‍വേ പോലീസും കൂത്തുപറമ്പ് പോലീസും ഷമീറിന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. മോഷണം, പീഡനം, മര്‍ദനം തുടങ്ങി ആറു കേസുകളില്‍ ഷമീര്‍ പ്രതിയായിരുന്നെന്നും ഒരു കളവ് കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഞായറാഴ്ചയായിരുന്നു മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരനായ ഷമീറിനെ ടിക്കറ്റില്ലെന്ന് ആരോപിച്ച് റെയില്‍വേ എഎസ്‌ഐ പ്രമോദ് ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിവീഴ്ത്തിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Discussion about this post