കൊച്ചി: സില്‍വര്‍ ലൈന്‍ പോലുള്ള പദ്ധതികള്‍ ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല നടപ്പാക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. നിയമപ്രകാരം സര്‍വേ നടത്തുന്നതിന് എതിരല്ല. എന്നാല്‍ ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലുകള്‍ സ്ഥാപിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. സര്‍വേ നിയമപ്രകാരമല്ലാത്ത അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കരുതെന്നാണ് നിര്‍ദേശം. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് കല്ല് സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിലപാടില്‍ വ്യക്തതയില്ല. കോടതിയെ ഇരുട്ടത്ത് നിര്‍ത്തരുതെന്നും അസി. സോളിസിറ്റര്‍ ജനറല്‍ നേരിട്ട് ഹാജരായി നിലപാട് അറിയിക്കണമെന്നുമാണ് കോടതിയുടെ ആവശ്യം.













