കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിനും അഞ്ച് കൂട്ടുപ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റീസ് പി.ഗോപിനാഥാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.
പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന നിബന്ധനയാണ് കോടതി മുന്നോട്ടുവച്ചത്. ഏതെങ്കിലും സാഹചര്യത്തില്‍ പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കില്‍ അന്വേഷണ സംഘത്തിന് അറസ്റ്റ് അപേക്ഷയുമായി എത്താമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ശക്തമായ വാദം. അന്വേഷണവുമായി ദിലീപ് അടക്കമുള്ള പ്രതികള്‍ സഹകരിക്കുന്നില്ലെന്നും മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് നല്‍കിയില്ലെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല.
മൂന്ന് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്യലിന് ഹാജരായെന്നും കോടതി നിര്‍ദ്ദേശം മാനിച്ച് ഫോണുകള്‍ കൈമാറിയെന്നും ഇനി കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു ദിലീപിന്റെ മറുവാദം.
Discussion about this post