തൃശൂര്‍: അതിരപ്പിള്ളിയില്‍ അഞ്ച് വയസുകാരി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നടത്തിയ റോഡ് ഉപരോധം അവസാനിപ്പിച്ചു. പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന ജില്ലാ കളക്ടറുടെ ഉറപ്പിന്മേലാണ് അഞ്ച് മണിക്കൂര്‍ നീണ്ട റോഡ് ഉപരോധം നാട്ടുകാര്‍ അവസാനിപ്പിച്ചത്.
ജനവാസമേഖലകളില്‍ നിന്നും വന്യമൃഗങ്ങളെ തുരത്താന്‍ ഫലപ്രദമായ സാങ്കേതികവിദ്യ നടപ്പാക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് തൃശൂര്‍ കളക്ടറേറ്റില്‍ സര്‍വകക്ഷിയോഗവും വിളിച്ചിട്ടുണ്ട്.
അതിരപ്പിള്ളി ആനമല റോഡാണ് നാട്ടുകാര്‍ ഉപരോധിച്ചത്. ചാലക്കുടിയില്‍ നിന്ന് വാല്‍പ്പാറയിലേക്കുള്ള വാഹനങ്ങളും നാട്ടുകാര്‍ തടഞ്ഞു. പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണെന്നും ജനവാസമേഖലയില്‍ നിന്നും വന്യമൃഗങ്ങളെ തുരത്താന്‍ നടപടി വേണമെന്നുമായിരുന്നു നാട്ടുകാര്‍ ഉന്നയിച്ച പ്രധാന ആവശ്യം.
കണ്ണംകുഴി പാലത്തിനു സമീപം കാട്ടാനയുടെ ആക്രമണത്തില്‍ പുത്തന്‍ചിറ കിഴക്കുംമുറി കച്ചട്ടില്‍ നിഖിലിന്റെ മകള്‍ അഗ്‌നീമിയ ആണു കൊല്ലപ്പെട്ടത്. പരിക്കേറ്റ പിതാവ് നിഖില്‍ (36), ബന്ധു വെറ്റിലപ്പാറ സ്വദേശി നെടുമ്പ ജയന്‍ (50) എന്നിവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ഏഴോടെയാണ് സംഭവം.
കണ്ണംകുഴിയിലെ അമ്മവീട്ടില്‍ അമ്മയുടെ മുത്തശിയുടെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അഗ്‌നീമിയയും വീട്ടുകാരും. വൈകുന്നേരം ബൈക്കില്‍ പിതാവ് നിഖിലും അഗ്‌നീമിയയും ബന്ധു ജയനും കൂടി പൂക്കള്‍ പറിക്കാനായി കണ്ണംകുഴി ക്ഷേത്രത്തിനടുത്തു പോയി മടങ്ങിവരുമ്പോഴാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്.
എതിരേ വന്ന കാറിന്റെ വെളിച്ചത്തില്‍ ഇവര്‍ക്ക് ആനയെ കണാനായില്ല. ബൈക്ക് ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കവേ ആന കുട്ടിയെ എടുത്തെറിഞ്ഞു. തെറിച്ചുവീണ കുട്ടിയെ രക്ഷിക്കാന്‍ നിഖില്‍ ശ്രമിക്കുംമുമ്പേ കാട്ടാന വീണ്ടും ആക്രമിക്കുകയായിരുന്നു.













