തിരുവനന്തപുരം: അത്യന്തം ദുര്‍ഘട പാതകളില്‍ അനായാസം സഞ്ചരിക്കാന്‍ സാധിക്കുന്ന ഫോഴ്‌സ് കമ്പനിയുടെ ഗുര്‍ഖ ജീപ്പുകള്‍ കേരള പൊലീസ് വാങ്ങി. 46 പൊലീസ് സ്റ്റേഷനുകള്‍ക്ക് വാഹനങ്ങള്‍ കൈമാറി. പരുക്കന്‍ വഴികളുള്ള പ്രദേശങ്ങളില്‍ യാത്ര ചെയ്യുന്നതിന് സഹായകരമാകുന്നതാണ് വാഹനമെന്ന് എഡിജിപി മനോജ് എബ്രഹാം വ്യക്തമാക്കി.
പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എഡിജിപി മനോജ് എബ്രഹാം, ഫോഴ്‌സ് കമ്പനി പ്രതിനിധികളില്‍ നിന്ന് വാഹനങ്ങള്‍ ഏറ്റുവാങ്ങി. സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കും നക്‌സല്‍ ബാധിത മേഖലകളിലേക്കുമായാണ് വാഹനങ്ങള്‍ കൈമാറിയിരിക്കുന്നത്. ഫോര്‍വീല്‍ ഡ്രൈവ് വാഹനത്തില്‍ ആറ് പേര്‍ക്ക് സഞ്ചരിക്കാം. സ്റ്റേറ്റ് പ്ലാന്‍, പോലീസ് നവീകരണ പദ്ധതി എന്നിവ പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയത്. ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില.













