തിരുവനന്തപുരം: ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എസ്.സി.ഇ.ആര്‍.ടി., എസ്.എസ്.കെ. തുടങ്ങിയ എല്ലാ ഏജന്‍സികളുടെയും അധ്യാപക സംഘടനകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേരുകയും ആലോചനകള്‍ നടത്തുകയും ചെയ്യും.
ഭിന്നശേഷി കുട്ടികളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിഗണന പുതിയ അദ്ധ്യയന വര്‍ഷത്തില്‍ ഉണ്ടാകും. സ്‌കൂള്‍ തുറക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ പ്രധാനമായും പൊതുവിദ്യാഭ്യാസ – ആരോഗ്യ – ഗതാഗത – തദ്ദേശസ്വയംഭരണ വകുപ്പുകള്‍ സംയുക്തമായി നടത്തും. ജൂണ്‍ ഒന്നിന് പ്രവേശനോത്സവം നടത്തിയാണ് സ്‌കൂള്‍ തുറക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ടി സി ലഭ്യമായില്ല എന്ന കാരണത്താല്‍ ഒരു കുട്ടിയുടെയും പഠനം മുടങ്ങില്ലെന്ന് മന്ത്രി പറഞ്ഞു. വന്‍ ഫീസ് വാങ്ങുന്നത് അനുവദിക്കാന്‍ ആവില്ല. സ്‌കൂള്‍ പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷാ ചട്ടങ്ങളില്‍ പറയുന്നില്ല. കെ ഇ ആറിന് വിരുദ്ധമായ നിലപാടുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ഡിജിറ്റല്‍ ഉപകരണങ്ങളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നതിന് ഡിജിറ്റല്‍ ക്ലിനിക്കുകളുടെ സേവനം സ്‌കൂളുകളില്‍ ഉണ്ടാവും. പി.ടി.എ.കള്‍ പുനസംഘടിപ്പിക്കുന്നതിനും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും വിശദമായ മാര്‍ഗരേഖ പുറത്തിറക്കും. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കുന്നതിന് സ്‌കൂളുകളില്‍ മെയ് മാസത്തില്‍ ശില്‍പശാലകള്‍ നടത്തും. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള പൊതുനിര്‍ദ്ദേശങ്ങള്‍ സംസ്ഥാനതലത്തില്‍ പുറപ്പെടുവിക്കും. സ്‌കൂളിന്റെ സമഗ്ര വികസനം മുന്നില്‍ കണ്ടാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ടത്.
ഒന്ന് മുതല്‍ ഏഴ് വരെയുള്ള അധ്യാപകരുടെ പരിശീലനം മെയ് മാസത്തില്‍ നടത്താനുള്ള രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. ബാക്കിയുള്ള അധ്യാപകരുടെ പരിശീലനം പേപ്പര്‍ വാല്യുവേഷന് ശേഷം വിവിധ സമയങ്ങളിലായി പൂര്‍ത്തിയാക്കാമെന്നാണ് കരുതുന്നത്.
എസ്.സി.ഇ.ആര്‍.ടി., എസ്.എസ്.കെ., കൈറ്റ്, സീമാറ്റ് തുടങ്ങി എല്ലാ ഏജന്‍സികളുടെയും സഹകരണത്തോടെ അധ്യാപക പരിശീലന മൊഡ്യൂള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി മന്ത്രി അറിയിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിജിലന്‍സ് ശക്തിപ്പെടുത്തും. അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് എല്ലാ വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്ത ഏകീകരണ പ്രക്രിയയുടെ നടപടികള്‍ നടന്നു വരികയാണെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.













