കൊച്ചി: പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ സിഎന്‍ജി, ടോള്‍ നിരക്ക്, വാണിജ്യ സിലിണ്ടറുകള്‍ എന്നിവയ്ക്ക് പുറമെ ഭൂനികുതി, വെള്ളക്കരം എന്നിവ വര്‍ധിക്കും. പുതുക്കിയ നിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
കുടിവെള്ളത്തിനുള്ള നികുതിയുടെ അടിസ്ഥാന നിരക്കില്‍ അഞ്ച് ശതമാനം വര്‍ധനയാണ് വരുന്നത്. ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് നാല് രൂപ 41 പൈസയാകും. നാല് രൂപ 20 പൈസയാണ് നിലവിലെ നിരക്ക്.
ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനമാണ് ജല അതോറിറ്റി നിരക്ക് വര്‍ധിപ്പിക്കുന്നത്. ഭൂമിയുടെ ന്യായ വില ഉയരും. 10 ശതമാനമാണ് വര്‍ധിക്കുക. ഇതോടെ ഭൂമി രജിസ്ട്രേഷന്‍ ചെലവും ഉയരും.
സംസ്ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും നിലവില്‍ വന്നു. വാഹന രജിസ്ട്രേഷന്‍, ഫിറ്റ്നസ് നിരക്കും കൂടി. 15 വര്‍ഷത്തില്‍ ഒരിക്കല്‍ 600 രൂപ ഹരിത നികുതി നല്‍കണം. 10 വര്‍ഷം കഴിഞ്ഞ ലൈറ്റ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഓരോ വര്‍ഷവും ഫിറ്റ്നസ് പുതുക്കുമ്പോള്‍ 200 രൂപ വീതമാണ് ഹരിത നികുതി.
15 വര്‍ഷം കഴിഞ്ഞാല്‍ 300 രൂപ വീതമാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ ഡീസല്‍ വാഹനങ്ങള്‍ക്ക് ഓട്ടോറിക്ഷയ്ക്ക് 500 രൂപയും ലൈറ്റ് വാഹനങ്ങള്‍ക്ക് 1000 രൂപയും നല്‍കണം. മീഡിയം വാഹനങ്ങള്‍ക്ക് 1,500 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 2,000 രൂപയുമാണ് ഹരിത നികുതി.
രാജ്യത്ത് ഡിജിറ്റല്‍ ആസ്തികള്‍ക്ക് ഇന്ന് മുതല്‍ 30 ശതമാനം നികുതി ഉണ്ട്. ക്രിപ്റ്റോ കറന്‍സി ഉള്‍പ്പടെ എല്ലാ വെര്‍ച്ച്വല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ഇത് ബാധകമാണ്.
അതേസമയം, സിഎന്‍ജി നിരക്കും ടോള്‍ നിരക്കും കൂടി. സംസ്ഥാനത്ത് ഒരു കിലോ സിഎന്‍ജിക്ക് എട്ടുരൂപയാണ് കൂടിയത്. കൊച്ചിയില്‍ ഒരു കിലോ സിഎന്‍ജിക്ക് 80 രൂപയാണ് പുതുക്കിയ വില. മറ്റു ജില്ലകളില്‍ ഇത് 83 രൂപ വരെയാകും. വിവിധ റോഡുകളിലെ ടോള്‍ നിരക്ക് 10 ശതമാനം കൂടി. കാറുകള്‍ക്ക് 10 രൂപ മുതല്‍ വലിയ വാഹനങ്ങള്‍ക്ക് 65 രൂപ വരെ വര്‍ധന. ഒരു മാസത്തേക്ക് എടുക്കുന്ന പാസ് നിരക്കിലും വര്‍ധനയുണ്ട്.
കൂടാതെ വാണിജ്യ സിലിണ്ടറുകളുടെ വിലയിലും വര്‍ധനവുണ്ട്. 256 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ കൊച്ചിയിലെ വാണിജ്യ സിലിണ്ടര്‍ വില 2,256രൂപയായി.
Discussion about this post