ന്യൂഡല്‍ഹി: പിജി നീറ്റ് പരീക്ഷ മാറ്റണമെന്ന ഒരുസംഘം വിദ്യാര്‍ഥികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. പരീക്ഷ മാറ്റേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. ഇതോടെ മുന്‍നിശ്ചയപ്രകാരം മേയ് 21ന് തന്നെ നീറ്റ് പരീക്ഷ നടക്കും.
കഴിഞ്ഞ വര്‍ഷത്തെ കൗണ്‍സിലിംഗ് ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ രണ്ടു മാസത്തേയ്ക്ക് എങ്കിലും പരീക്ഷ നീട്ടിവയ്ക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരായ വിദ്യാര്‍ഥികളുടെ ആവശ്യം. കുറച്ചു വിദ്യാര്‍ഥികള്‍ക്കായി രണ്ടു ലക്ഷത്തോളം പേര് എഴുതുന്ന പരീക്ഷ മാറ്റേണ്ടതില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
പരീക്ഷ നീട്ടിവയ്ക്കുന്നത് രാജ്യത്ത് ഡോക്ടര്‍മാരുടെ ക്ഷാമം സൃഷ്ടിക്കുമെന്നും നിലവില്‍ തന്നെ എണ്ണം കുറവാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പരീക്ഷ മാറ്റിവയ്ക്കുന്നത് അനാവശ്യ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് നിരീക്ഷിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.
Discussion about this post