കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് കഴിഞ്ഞതവണത്തേതിനേക്കാള്‍ ശതമാനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. മണ്ഡലത്തിലെ 1,96,805 വോട്ടര്‍മാരില്‍ 1,35,320 പേരാണ് വോട്ടുരേഖപ്പെടുത്തിയത് 68.75 ശതമാനം.
2021ല്‍ തൃക്കാക്കരയില്‍ 70.39 ശതമാനമായിരുന്നു പോളിംഗ്. 2011 ല്‍ 73.71 ശതമാനവും 2016 ല്‍ 74.65 ശതമാനവും പോളിംഗുണ്ടായിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ 76.03 ശതമാനമായിരുന്നു പോളിംഗ്.
വോട്ടെണ്ണല്‍ വെള്ളിയാഴ്ച എറണാകുളം മഹാരാജാസ് കോളജില്‍ നടക്കും. പോളിംഗ് കേന്ദ്രങ്ങളില്‍ നിന്നെത്തിച്ച വോട്ടിംഗ് മെഷീനുകള്‍ രാത്രിയോടെതന്നെ കോളജിലെ സ്ട്രോംഗ് റൂമിലേക്കു മാറ്റി.
മുന്നണി സ്ഥാനാര്‍ഥികളായ ഉമ തോമസും ഡോ. ജോ ജോസഫും രാവിലെ ഏഴിനുതന്നെയെത്തി വോട്ടുകള്‍ രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണനു മണ്ഡലത്തില്‍ വോട്ടില്ലായിരുന്നു.













