തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ശ്രീലങ്കയ്ക്ക് വ്യോമയാനരംഗത്തും കൈത്താങ്ങായി ഇന്ത്യ. ശ്രീലങ്കന്‍ എയര്‍ലൈന്‍സിനും ശ്രീലങ്കയിലേക്കുള്ള മറ്റ് വിമാനങ്ങള്‍ക്കും തിരുവനന്തപുരം, ചെന്നൈ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ധനം നിറയ്ക്കാനുള്ള അനുമതി കേന്ദ്രം നല്‍കി.
ലാന്‍ഡിംഗ് ചാര്‍ജ് നല്‍കി വിമാനങ്ങള്‍ക്ക് ഇവിടങ്ങളില്‍ ഇറങ്ങി ഇന്ധനം നിറച്ചുമടങ്ങാം. യാത്രക്കാരെ കയറ്റാനോ ഇറക്കാനോ അനുമതിയില്ല. ആവശ്യമെങ്കില്‍ ക്രൂ ചേഞ്ച് അനുവദിക്കും. ഓസ്‌ട്രേലിയ, അമേരിക്ക, ജര്‍മ്മനി എന്നിവിടങ്ങളിലേക്കുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, ഇന്‍ഡോനേഷ്യയില്‍ നിന്ന് ശ്രീലങ്കയിലെത്തി മടങ്ങിപ്പോകേണ്ട ലയണ്‍ എയര്‍ വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി ഇന്ധനം നിറച്ചുതുടങ്ങി.
60,000 മുതല്‍ ഒരുലക്ഷം രൂപവരെ ലാന്‍ഡിംഗ് ചാര്‍ജായി വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന് നല്‍കണം. ബി.പി.സി.എല്‍., ഐ.ഒ.സി എന്നിവയാണ് ഇന്ധനം നല്‍കുക. ഒരാഴ്ചയ്ക്കിടെ പത്ത് വിമാനങ്ങള്‍ ഇന്ധനം നിറച്ചുവെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതര്‍ പറഞ്ഞു.













