ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. കാശ്മീരി പണ്ഡിറ്റ് സമൂഹത്തെ ലക്ഷ്യം വച്ചുള്ള ഭീകരരുടെ കൊലപാതക പരമ്പരകളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗും പങ്കെടുത്തു.
ബാങ്ക് ജീവനക്കാരനായ രാജസ്ഥാന്‍ സ്വദേശി വിജയകുമാറാണ് കുല്‍ഗാമില്‍ ഇന്ന് നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹൈസ്‌കൂള്‍ അധ്യാപികയായ രജനി ബാല ചൊവ്വാഴ്ച ഭീകരുടെ വെടിയേറ്റ് മരിച്ചിരുന്നു. അധ്യാപികയുടെ മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ടിക് ടോക് താരവും സാമന രീതിയില്‍ മരിച്ചു.
കാഷ്മീരി പണ്ഡിറ്റുകളെ തെരഞ്ഞുപിടിച്ച് തീവ്രവാദികള്‍ ആക്രമിക്കുന്നതിനെതിരെ പണ്ഡിറ്റ് വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. തങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നാണ് കാശ്മീരി പണ്ഡിറ്റുകളുടെ ആവശ്യം.
പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജില്‍ ജോലി ലഭിച്ച് കാശ്മീരിലേക്ക് എത്തിയ പണ്ഡിറ്റ് വിഭാഗമാണ് ആക്രമിക്കപ്പെടുന്നത്. മുസ്ലിം വിഭാഗക്കാരല്ലാത്ത ജീവനക്കാരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് കാശ്മീരില്‍ നിന്ന് കൂട്ട പലായനത്തിന് പണ്ഡിറ്റ് വിഭാഗം ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
വിഷയം ചര്‍ച്ച ചെയ്യാന്‍ കാശ്മീര്‍ ലെഫറ്റനന്റ് ജനറല്‍ മാനോജ് സിന്‍ഹ വെള്ളിയാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.













