തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കാലവര്‍ഷം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പകല്‍ മഴ കുറയുകയും രാത്രി മഴ ശക്തമാവുകയും ചെയ്യും.
മേയ് 29 നു തന്നെ കാലവര്‍ഷം കേരളത്തിലെത്തിയെങ്കിലും കാലവര്‍ഷക്കാറ്റിന്റെ ഗതിയും ശക്തിയും അനുകൂലമാകാതിരുന്നതിനാലാണു കാര്യമായ തോതില്‍ ഇതുവരെ മഴ ലഭിക്കാതിരുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നു മുതല്‍ ശനിയാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ ഇന്നും വെള്ളിയാഴ്ചയും കാസര്‍ഗോഡ് ജില്ലയില്‍ നാളെ മുതല്‍ ശനിയാഴ്ച വരെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.













