
ചെന്നൈ: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്‍ ചെന്നൈയില്‍ അറസ്റ്റിലായി. തമിഴ്‌നാട് പോലീസ് എസ്.പി രാജേഷ് ദാസാണ് മാര്‍ട്ടിനെ അറസ്റ്റു ചെയ്തത്. സേലം പോലീസിന് മാര്‍ട്ടിനെ കൈമാറുമെന്നാണ് സൂചന. കേരളത്തിലെ ലോട്ടറി വ്യവസായവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് സാന്റിയാഗോ മാര്‍ട്ടിനുമായി കേന്ദ്രമന്ത്രി അഴഗിരി ഭൂമിവിവാദത്തില്‍ അകപ്പെട്ടത്.
ലോട്ടറി വ്യാപാരിയായ ബാനര്‍ജി, അങ്കുരാജ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ബാനര്‍ജിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലെക്‌സ് തട്ടിയെടുത്തുമായി ബന്ധപ്പെട്ടതാണ് പരാതി. കേന്ദ്രമന്ത്രി അഴഗിരിയുടെ ഭാര്യ കാന്തി നാലേക്കര്‍ ഭൂമി മാര്‍ട്ടിനില്‍നിന്ന് വാങ്ങിയത് അടക്കമുള്ള കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പല്ലടത്തെ വസ്ത്രവ്യാപാരിയ്ക്ക് ഭൂമി വിറ്റതുമായി ബന്ധപ്പെട്ടും അദ്ദേഹത്തിനെതിരെ കേസുണ്ട്.
തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജയലളിത അധികാരത്തില്‍ വന്നശേഷം സാന്റിയാഗോ മാര്‍ട്ടിന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസുകളില്‍ അന്വേഷണം ഈര്‍ജ്ജിതമാക്കിയിരുന്നു.
Discussion about this post