കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി അന്വേഷണം പൂര്‍ത്തിയാക്കാതെ ആര്‍ക്കും നല്‍കാനാകില്ലെന്ന് കോടതി. രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിശദീകരണം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ക്രൈംബ്രാഞ്ച് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഹര്‍ജി പരിഗണിച്ച കോടതി രഹസ്യമൊഴിയുടെ പകര്‍പ്പ് എന്തിന് വേണ്ടിയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അനിവാര്യമാണെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്.
ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ പുറത്തുകൊണ്ടുവരാന്‍ രഹസ്യമൊഴി പരിശോധിക്കണമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. എന്നാല്‍, ക്രൈംബ്രാഞ്ചിനെ അന്വേഷണ ഏജന്‍സിയായി കാണാനാകില്ലെന്നും മൊഴിയുടെ പകര്‍പ്പ് അന്വേഷണ ഏജന്‍സിക്ക് നല്‍കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
അതേസമയം, രഹസ്യമൊഴിയുടെ പകര്‍പ്പ് ക്രൈംബ്രാഞ്ചിന് നല്‍കരുതെന്ന് സ്വപ്നയുടെ അഭിഭാഷകനും വാദിച്ചു. രഹസ്യമൊഴി എങ്ങനെയെങ്കിലും വാങ്ങിയെടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും ക്രൈംബ്രാഞ്ച് അപേക്ഷയ്ക്ക് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം വാദിച്ചു. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. ഈ കേസിലെ അന്വേഷണ ഏജന്‍സി ഇ ഡിയാണ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ തനിക്കെതിരെയും കേസെടുത്തെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍, സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ സുരക്ഷ വേണ്ടെന്ന് ആവര്‍ത്തിച്ചിട്ടുണ്ട്. സുരക്ഷ ആവശ്യപ്പെട്ടത് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മറുപടി ലഭിക്കുന്നതിന് ഒരാഴ്ച സമയം വേണമെന്നും ഇഡി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് ഈ മാസം 22ലേക്ക് പരിഗണിക്കാനായി മാറ്റി.













