ഗുരുവായൂര്‍: ബഹുമുഖ പ്രതിഭയും കൃഷ്ണഭക്തിഗാനങ്ങളുടെ മാധുര്യം മലയാളിക്കു പകര്‍ന്ന കവിയുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (87) അന്തരിച്ചു. ഇന്നലെ രാത്രി 11.20ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. കേരള കലാമണ്ഡലം വൈസ് ചെയര്‍മാനായിരുന്നു. അദ്ദേഹമെഴുതിയ ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പ’ എന്ന ഭക്തിഗാനം പ്രസിദ്ധമാണ്. കവിതകള്‍ക്കു പുറമെ ചെറുകഥകള്‍, തിരക്കഥ, സംഭാഷണം, അഭിനയം, ഡോക്യുമെന്ററി രചന, സംവിധാനം തുടങ്ങിയ കലയുടെ സമസ്ത മേഖലകളിലും നിറസാന്നിധ്യമായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലും ചൊവ്വല്ലൂര്‍ ശിവ ക്ഷേത്രത്തിലും പാരന്പര്യ അവകാശി കുടുംബമായ ചൊവ്വല്ലൂര്‍ വാര്യത്ത് കൊടുങ്ങല്ലൂര്‍ കാവില്‍ വാര്യത്ത് ശങ്കുണ്ണി വാര്യരുടെയും പാറുക്കുട്ടി വാരസ്യാരുടെയും മകനായി 1936ല്‍ ജനനം.
കേരളവര്‍മ കോളജിലെ പഠനശേഷം തൃശൂരില്‍ നിന്നു പ്രസിദ്ധീകരിച്ച നവജീവന്‍ പത്രത്തില്‍ സബ് എഡിറ്ററായി പത്രപ്രവര്‍ത്തന രംഗത്തേയ്ക്കു കടന്നു. മലയാള മനോരമയില്‍ നിന്ന് അസിസ്റ്റന്റ് എഡിറ്ററായാണു വിരമിച്ചത്. വാദ്യകലാനിരൂപകനായിരുന്നു. പ്രഫഷണല്‍ നാടക രംഗത്ത് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം, ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തൃശിലേരി വാര്യത്തെ സരസ്വതിയാണു ഭാര്യ. മക്കള്‍: ഉഷ (ലണ്ടന്‍), ഉണ്ണികൃഷ്ണന്‍ (ലണ്ടന്‍), മരുമക്കള്‍. ഗീത, പരേതനായ സുരേഷ് ചെറുശേരി.













