ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ആദ്യ ലോണ്‍ ബാള്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യന്‍ വനിതകള്‍. ലോണ്‍ ബാള്‍ ഫോര്‍സിന്റെ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 17-10 എന്ന സ്കോറിനാണ് ഇന്ത്യന്‍ വനിതകള്‍ മെഡലുറപ്പിച്ചത്. രൂപ റാണി ടിര്‍ക്കി, ലൗവ്ലി ചൗബേ, പിങ്കി, നയന്‍മോനി സൈകിയ എന്നിവരുടെ സംഘമാണ് ഇന്ത്യക്ക് വേണ്ടി ചരിത്രനേട്ടം സ്വന്തമാക്കിയത്.
ഇക്കൊല്ലത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ നാലാമത്തെ സ്വര്‍ണ നേട്ടമാണ് ലോണ്‍ ബാളിലൂടെ സ്വന്തമാക്കിയത്. സെമിയില്‍ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരും പതിമൂന്ന് തവണ ജേതാക്കളുമായ ന്യൂസിലന്‍ഡിനെ അട്ടിമറിച്ചാണ് മെഡലുറപ്പിച്ചത്. ഇന്ത്യയുടെ പുരുഷ ടീം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയെങ്കിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനോട് 8-26 എന്ന സ്കോറില്‍ പരാജയപ്പെട്ട് പുറത്തായിരുന്നു.
ഇന്നലെ വനിതകളുടെ ജൂഡോയില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ സുശീലാ ദേവി നേടിയ വെള്ളിയായിരുന്നു ഇന്നലെ ഇന്ത്യന്‍ പ്രകടനങ്ങളിലെ ഹൈലൈറ്റ്. സെമിയില്‍ മൗറീഷ്യസിന്റെ പ്രിസില്ലെയെ 10-0ത്തിന് ആധികാരികമായി കീഴടക്കിയ സുശീലയ്ക്ക് എന്നാല്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ മിഷേല മെറ്റബൂയിക്ക് മുന്നില്‍ കാലിടറുകയായിരുന്നു. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും സുശീല വെള്ളി നേടിയിരുന്നു.2019ലെ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ താരം സ്വര്‍ണം സ്വന്തമാക്കിയിരുന്നു.
Discussion about this post